രണ്ടു ദിവസംകൂടി ഇടിയോടുകൂടിയ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
പാലക്കാട്: കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ രണ്ടു ദിവസംകൂടി ഇടിയോടുകൂടിയ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഭൂമിയില്‍ നിന്നു മൂന്നു കിലോ മീറ്റര്‍ മുകളില്‍ മണിക്കൂറില്‍ 25 കിലോ മീറ്റര്‍ വേഗത്തിലുള്ള കാറ്റ് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ഗതിയിലായതിനാലാണ് ഇടിയോടു കൂടിയ കനത്ത് മഴയ്ക്ക് സാധ്യതയുള്ളതെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രം വ്യക്തമാക്കി.
അറബിക്കടലില്‍ നിന്നു കൂടുതല്‍ കാറ്റിനുള്ള സൂചനകളും ഇന്നലെ രാത്രിയോടെ ലഭിച്ചുവെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സാധാരണ വ്യാപകമായി ലഭിക്കേണ്ട വേനല്‍മഴ ഇപ്പോള്‍ പ്രാദേശികമായാണു പെയ്യുന്നതെന്നും മലബാര്‍ ഭാഗത്താണു മഴ ഇപ്പോള്‍ അധികം ലഭിക്കുന്നതെന്നു റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു നീങ്ങിയാല്‍ മഴ വ്യാപകമാകുമെന്നാണു കണക്കുകൂട്ടല്‍. തെക്കന്‍ പ്രദേശത്ത് മണ്‍സൂണ്‍ കുറഞ്ഞാലും തെക്കു-പടിഞ്ഞാറന്‍ കാറ്റുവഴിയുളള മഴയില്‍ അതു പരിഹരിക്കപ്പെടും. ചൂടു കൂടുതല്‍ അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ നാലു ദിവസത്തിനിടെ ശരാശരി 62 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.