മുലയില്‍ തല്ലി രസിക്കല്‍, വഴിവക്കില്‍ കൂട്ട സ്വയംഭോഗ പ്രദര്‍ശനം; മുഖ്യമന്ത്രിയുടെ കണ്ണൂരുകാര്‍ വിദ്യാര്‍ത്ഥിനികളോട് കാട്ടുന്ന മര്യാദ ഇതാണ്; സഹികെട്ട് ആത്മഹത്യ ചെയ്യാനൊരുങ്ങി വിദ്യാര്‍ഥികള്‍
കാല്‍ നടയായി പോകുന്ന വിദ്യാര്‍ത്ഥിനിയുടെ മുലയില്‍ ബൈക്കില്‍ ചെന്ന് അടിക്കുക, വരിയായി നിരന്ന് നിന്ന് സ്വയം ഭോഗം ചെയ്ത് കാണിക്കുക,വഴിയറിയാതെ വരുന്നവരെ വഴി തെറ്റിച്ച് പറഞ്ഞ് പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുക, കാറില്‍ വലിച്ചു കയറ്റി, ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കുക എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മജില്ലയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ (നിഫ്റ്റ്) വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന ലൈഗികാതിക്രമങ്ങളുടെ പരമ്പര.
സിപിഐഎം എംഎല്‍എ ജയിംസ് മാത്യുവിന്റെ മണ്ഡലമായ തളിപ്പറമ്പില്‍ ആന്തൂര്‍ നഗര സഭയിലെ ധര്‍മ്മശാല പട്ടണത്തില്‍ നിന്നും ഒന്നര കിലോമീറ്ററോളം ഉള്ളിലാണ് നിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. സിപിഐഎമ്മിന്റെ പാര്‍ട്ടി ഗ്രാമം സെറ്റപ്പിലുള്ള സ്ഥലത്ത് നാട്ടുകാരായ സാമൂഹ്യവിരുദ്ധരില്‍ നിന്നും അതിക്രൂരമായ ലൈംഗികാതിക്രമങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്.
ഇതിനെതിരെ കണ്ണൂര്‍ ധര്‍മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ (നിഫ്റ്റ്) വിദ്യാര്‍ത്ഥികള്‍ ശക്തമായ സമരത്തിലാണ് ഇപ്പോള്‍. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രാത്രി ഏഴു മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍, ഇഷ്ട്ടമുള്ള വേഷം ധരിച്ചാല്‍ കടന്നാക്രമിക്കുന്ന ലൈംഗിക രോഗികള്‍ക്ക് എതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയുണ്ട്. വിദ്യാര്‍ത്ഥിനികളാണ് അധികവും.
ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്യാമ്പസിന് പുറത്തു പോയാല്‍ തുളച്ചുകയറുന്ന നോട്ടമാണ് നേരിടേണ്ടി വരുന്നത്. നമുക്ക് കംഫര്‍ട്ട് ആയ വസ്ത്രങ്ങളാണ് നമ്മള്‍ ധരിക്കുക. ഇവിടെ ഇതര സംസ്ഥാനത്തുനിന്നും വന്നും പഠിക്കുന്നവരാണ് അധികവും. അതുകൊണ്ട് തന്നെ അവര്‍ അവരുടെ നാട്ടില്‍ നിന്നും ധരിച്ച് ശീലമായ വസ്ത്രങ്ങളാണ് ഇവിടെയും ധരിക്കുന്നത്. അതറിയാമായിരുന്നിട്ടും, ആ വസ്ത്ര ധാരണത്തെയാണ് ഇവിടെയുള്ള നാട്ടുകാര്‍ തെറ്റായി കാണുന്നതെന്ന് ബിഎ ഫാഷന്‍ ടെക്നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പറയുന്നു. ഇത്തരം ഫാഷനബിള്‍ വസ്ത്രം ധരിക്കുന്നവര്‍ മോശമാണെന്ന രീതിയിലുള്ള നോട്ടവും ചേഷ്ടകളുമാണ് ഇവിടെ ഉള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
നിഫ്റ്റില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഇവിടുത്തെ നാട്ടുകാര്‍ മോശമായാണ് കാണുന്നത്. രാത്രി ഏഴു മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍ വരുന്നോ കാറുണ്ട്, ഒരു രാത്രി എത്രയാ നിന്റെ ചാര്‍ജ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കും. അതുകൊണ്ടിപ്പോള്‍ രാത്രി പുറത്തിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേടിയാണ്. അഥവാ പുറത്തു പോകണമെങ്കില്‍ തന്നെ കൂട്ടമായി ആണ്‍കുട്ടികള്‍ക്കൊപ്പം മാത്രമേ പോകുകയുള്ളു. ആദ്യമൊക്കെ വാക്കുകളിലൂടെയായിരുന്നു അതിക്രമമെങ്കില്‍ പിന്നീടത് മാറി. റോഡിലൂടെ പോകുമ്പോള്‍ കൈ പിടിക്കുക, ചുണ്ടും നാക്കും ഉപയോഗിച്ച് അശ്ലീല ചേഷ്ടകള്‍ കാണിക്കുക, ഹോസ്റ്റലിലെ മതില്‍ ചാടുക, മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് അശ്ലീല സന്ദേശങ്ങള്‍ അയക്കുക, പെണ്‍കുട്ടികളെ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുക തുടങ്ങി നിരവധി അതിക്രമങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്. നാട്ടുകാരില്‍നിന്നും നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ പ്രതിഷേധിച്ച് നിരവധി പെണ്‍കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കടുത്ത അതിക്രമങ്ങള്‍ നേരിട്ടിട്ടും പ്രതികരിക്കാനാവാത്ത കുറ്റബോധത്തിലായിരുന്നു ഏറെപ്പേരുടേയും ആത്മഹത്യാ ശ്രമങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇത്രയും ആത്മഹത്യാ ശ്രമങ്ങള്‍.
2008 നിഫ്റ്റ് ആരംഭിച്ചതുമുതല്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ വിരുദ്ധരുടെ അതിക്രമത്തിനും അപമാനത്തിനും ഇരയാവുന്നത് തുടര്‍ച്ചയാണ്. ദേശീയ പാതയില്‍ തളിപ്പറമ്പിനും കണ്ണൂരിനും ഇടയിലുള്ള സ്ഥലമാണ് ധര്‍മ്മശാല. ധര്‍മ്മശാല പട്ടണത്തിലും കോളേജിലേയ്ക്കുള്ള വഴിയിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥിനികളാണ് കൂടുതലായും അപമാനിക്കപ്പെടുന്നത്. തങ്ങള്‍ നേരിടുന്ന അതിക്രമങ്ങളും അപമാനങ്ങളും ചൂണ്ടിക്കാട്ടി കോളേജ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഡയറക്ടറുടെ ഭാഗത്തുനിന്നും അത്യാവശ്യം വേണ്ടപ്രാഥമീക നടപടികള്‍ പോലുമുണ്ടായില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഓണത്തിന്റെ പരിപാടിക്കുള്ള ബ്ലൗസ് തുന്നിക്കുന്നതിനായി ധര്‍മശാലയില്‍ തുന്നല്‍ക്കട അന്വേഷിച്ച് നടക്കുകയായിരുന്നു. സ്ഥലം തീരെ പരിചയമില്ലാത്തതിനാല്‍ അവിടെയുള്ള ഒരു കടയില്‍ കയറി അടുത്തുള്ള തുന്നല്‍ കടയിലേക്കുള്ള വഴി ചോദിച്ചു. അയാള്‍ ഒരു ഇടുങ്ങിയ വഴി കാണിച്ചു തന്നിട്ട് അങ്ങോട്ടേക്ക് പോകാന്‍ പറഞ്ഞു. ഞാന്‍ അതുവഴി പോയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ മദ്യപിക്കുന്നതാണ് കണ്ടത്. അപ്പോഴെനിക്ക് മനസിലായത്, അയാള്‍ എന്നെ ട്രാപ്പ് ചെയ്തതാണെന്ന്. പിന്നീട് അവിടെ നിന്നും മെയിന്‍ റോഡിലേക്ക് തിരിച്ച് നടക്കാന്‍ ശ്രമിച്ച എന്നെ അവര്‍ പിന്തുടരുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും ഞാന്‍ റോഡിലേക്ക് എത്തുകയും എന്റെ സീനിയറിനെ കണ്ട് സഹായമഭ്യര്‍ഥിക്കുകയും ചെയ്തതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടതെന്ന് നിഫ്റ്റില്‍ പഠിക്കാനെത്തിയ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥിനി പറയുന്നു.
അങ്ങനൊരു അനുഭവം ഉള്ളതുകൊണ്ട് എപ്പോഴും ധര്‍മശാലയിലേക്ക് പോകുമ്പോള്‍ രണ്ടാമതൊരിക്കല്‍ കൂടി ആലോചിക്കും. നമ്മുടെ വസ്ത്രധാരണത്തെപോലും ചോദ്യം ചെയ്യുന്നവരാണ് ഇവിടുത്തെ നാട്ടുകാര്‍. ഇത് അവസാനിപ്പിക്കാന്‍ സമയമായി. അതിനുവേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി മുന്നിയിട്ടിറങ്ങിയതെന്നും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.
ഒരു ദിവസം ധര്‍മശാലയില്‍നിന്നും കോളജിലേക്ക് നടക്കുകയായിരുന്ന എന്നെയും എന്റെ സുഹൃത്തിനെയും ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചിരുന്നു. ബൈക്കിലിരുന്ന ഒരാള്‍ തന്റെ മുലയ്ക്ക് ശക്തമായി അടിക്കുകയാണ് ചെയ്തതെന്ന് ധര്‍മശാലയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തിന് ഇരയായവര്‍ പറയുന്നു. വൈകുന്നേരം ഏഴുമണിക്ക് സുഹൃത്തുക്കളുമായി കോളേജിലേക്ക് പോകുകയായിരുന്ന ഞങ്ങളുടെ മുന്നില്‍വെച്ച് മൂന്നുപേര്‍ സ്വയംഭോഗം ചെയ്യുകയും ഞങ്ങളെ നോക്കി അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തിരുന്നു. അവന്റെയൊക്കെ നേരെ കല്ലെടുത്തെറിയാനാണ് തോന്നിയതെങ്കിലും ഭയം കാരണം സാധിച്ചില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
നാട്ടുകാരുടെ ഉപദ്രവം കൂടിവരുന്ന സമയത്താണ് കോളേജിലെ ജോലിക്കാരുടെ ഭാഗത്തുനിന്നും അതിക്രമങ്ങള്‍ നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഹോസ്റ്റലിലെ മെസ്സില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ വന്ന പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ വാര്‍ഡനോട് പരാതി പറഞ്ഞിരുന്നെങ്കിലും ഇത്തരം വസ്ത്രങ്ങളൊന്നും ധരിക്കരുതെന്ന ഉപദേശം നല്‍കി വിടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളൊന്നും തന്നെ ഉണ്ടാകാറില്ലെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
വ്യാഴാഴ്ച്ച രാത്രി ഏഴു മണിക്ക് സാധനം വാങ്ങിക്കാന്‍ കടയില്‍പോയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നു നിലത്തേക്ക് തള്ളിയിട്ടിരുന്നു. തലയടിച്ച് വീണ് പരിക്കേറ്റ പെണ്‍കുട്ടി ഹോസ്റ്റലിലെത്തി വാര്‍ഡനെകാണുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ പോകുകയും ചെയ്തു. ഇതോടെയാണ് ഉപദ്രവകാരികളായവര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ജീന്‍സ് അസാധാരണമായ നാട്ടില്‍ ഞങ്ങള്‍ പറയുന്നു ഞങ്ങള്‍ വില്പന വസ്തുക്കളല്ല, ഓര്‍ക്കുക നിങ്ങള്‍ക്കുമുണ്ട് അമ്മയും പെങ്ങമ്മാരും എന്ന് തുടങ്ങിയ മുദ്രവാക്യങ്ങളും ഉയര്‍ത്തിപിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്.
രാജ്യത്തെ മുന്‍നിര ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റിയുട്ടാണ് ഇത്. ഖാദി, കൈത്തറി എന്നിവയെ ലോകത്തിന്റെ റാംപിലേയ്ക്ക് എത്തിക്കുന്ന ഭാവനാശാലികളാണ് ഈ ദേശീയ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികള്‍. ലോകത്തിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന രാജ്യത്തെ പ്രതിഭകളോടാണ് കേരളത്തെ നാണം കെടുത്തുന്ന രീതിയില്‍ കണ്ണൂറുകാര്‍ പെരുമാറുന്നത്.
വസ്ത്രധാരണമാണ് ഇവര്‍ നേരിടുന്ന അക്രമങ്ങള്‍ക്ക് കാരണം എന്നാണ് ‘പൊതുസംസാരം’. ഈ സദാചാര ബോധത്തിനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ സമര രംഗത്തുള്ളത്. വിദ്യാര്‍ത്ഥിനികള്‍ സംഭവങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്‍സ്റ്റ്യൂട്ടില്‍ എത്തിയ എംഎല്‍എ ജയിംസ് മാത്യു കോളേജിലേയ്ക്കുള്ള പാതയില്‍ വഴിവിളക്കിടാമെന്നും ക്യാമറ സ്ഥാപിക്കാമെന്നും വാക്കു കൊടുത്തു. പൊലീസിലും നിരവധി പരാതികള്‍ നല്‍കിയിട്ടും കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ മാത്രമാണ് ഒരാളെ അറസ്റ്റ് ചെയ്തത്
പ്രദേശം ഉള്‍ക്കൊള്ളുന്ന എംപി വരെയുള്ള ജനപ്രതിനിധികള്‍ മുഴുവന്‍പേരും സിപിഐഎമ്മിനെ പ്രതിനിധീകരിക്കുന്നു. ഇത്രയധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പാര്‍ട്ടി ഗ്രാമത്തിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കാതെ അനങ്ങാപ്പാറ നയമാണ് സിപിഐഎം സ്വീകരിക്കുന്നത്. യൂണിയന്‍ പ്രവര്‍ത്തനമോ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനമോ ഇന്‍സ്റ്റിയൂട്ടില്‍ ഇല്ല. അതിക്രമങ്ങള്‍ അസഹനീയമായപ്പോള്‍ സംഘടനാ പ്രവര്‍ത്തനം പാടില്ലെന്ന അലിഖിത നിയമം ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കുകയായിരുന്നു.