ആറു മണിക്കൂറില്‍ 680 ചോദ്യങ്ങള്‍; ഗിന്നസ് നേട്ടം സ്വന്തമാക്കി ശ്രീകണ്ഠന്‍ നായര്‍; തകര്‍ത്തത് ബിബിസിയുടെ റെക്കോര്‍ഡ്

ശ്രീകണ്ഠന്‍ നായരെന്ന അവതാരകനെ അറിയാത്ത മലയാളിയുണ്ടാവില്ല.ചൂടേറിയ ചാനല്‍ സംവാദങ്ങളില്‍ ഓടിനടന്ന് ചോദ്യങ്ങളെറിയുകയും, രസകരമായ രീതിയില്‍ വിമര്‍ശനങ്ങളുന്നയിച്ചും സംവാദ പരിപാടികളെ ജനപ്രിയമാക്കിയ ശ്രീകണ്ഠന്‍ നായരെ തേടി ഗിന്നസ് നേട്ടമെത്തിയിരിക്കുകയാണ്.

ആറു മണിക്കൂറില്‍ 680 ചോദ്യങ്ങള്‍ ചോദിച്ച് ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ടെലിവിഷന്‍ അവതാരകന്‍ എന്ന നേട്ടമാണ് ആര്‍ ശ്രീകണ്ഠന്‍ നായര്‍ സ്വന്തമാക്കിയത്. കൊട്ടാരക്കര എംജിഎം സ്‌കൂളില്‍ വെച്ച് നടന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെയാണ് ശ്രീകണ്ഠന്‍ നായര്‍ ഈ അത്യപൂര്‍വ നേട്ടം കരസ്ഥമാക്കിയത്.

നീണ്ട ആറു മണിക്കൂറുകള്‍ വിവിധ വിഷയങ്ങളില്‍ ഗഹനമേറിയ സംവാദത്തിനു നേത്രതത്വം നല്‍കിയ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ബിബിസി ചാനല്‍ അവതാരകനായിരുന്ന ഗ്രഹാം നോര്‍ട്ടണ്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് തിരുത്തിയെഴുതിയത്. ആറു മണിക്കൂറില്‍ 175 ചോദ്യങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് ഗ്രഹാം നോര്‍ട്ടണ്‍ 2013-ല്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്.

കേരളത്തിലെ ടൂറിസം സാധ്യതകളും വെല്ലുവിളികളും, അമ്മയില്‍ നിന്നും നിങ്ങള്‍ എന്തു പഠിച്ചു..? സൈബര്‍ ലോകത്ത് യുവതലമുറ സുരക്ഷിതരാണോ? താരാരാധന മലയാള സിനിമയ്ക്ക് ഗുണകരമോ, കേരളം ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റ്, മാറുന്ന മലയാളികള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സംവാദം നടന്നത്.