ആന്ധ്രയ്ക്ക് പ്രത്യേക പദവി: അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് വീണ്ടും ലോകസഭയില്‍

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ച് ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസ് ഇന്നു വീണ്ടും ലോക്‌സഭയില്‍. വെള്ളിയാഴ്ച ഇരു പാര്‍ട്ടികളും നോട്ടിസ് നല്‍കിയിരുന്നെങ്കിലും സഭ നേരത്തെ പിരിഞ്ഞതിനാല്‍ പരിഗണിച്ചില്ല. തുടര്‍ന്നാണു വീണ്ടും നോട്ടിസ് നല്‍കിയത്.

കുറഞ്ഞത് അന്‍പതുപേരുടെ എങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കുകയുള്ളൂ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ ടിഡിപിക്ക് പിന്തുണ പ്രഖ്യാപിചച്ച് രംഗത്ത് വന്നതോടെ നോട്ടീസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടായാല്‍ സഭ ക്രമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പ്രമേയം ഒഴിവാക്കാം. പ്രമേയത്തിനു പിന്തുണ പ്രഖ്യാപിക്കാത്ത അണ്ണാ ഡിഎംകെയും ടിആര്‍എസും നടുത്തളത്തിലിറങ്ങുമെന്നാണു വിലയിരുത്തല്‍. പ്രാദേശിക വിഷയങ്ങളുന്നയിച്ച് ബിജെപിയും ബഹളം വച്ചേക്കും. അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയം പരിഗണിക്കപ്പെടുന്നതിനു സാധ്യത വിരളമാണ്.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ആദ്യം അവിശ്വാസപ്രമേയം മുന്നോട്ടുവച്ചത്. പിന്നീട് ഇതേ വിഷയത്തില്‍ മുന്നണി വിട്ട ടിഡിപിയും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കി. 539 അംഗ ലോക്‌സഭയില്‍ ബിജെപിക്ക് 274 അംഗങ്ങളാണുള്ളത്. അതിനാല്‍ അവിശ്വാസം പാസാകുന്നതിനുള്ള സാധ്യതയില്ല.