വിഴിഞ്ഞം തുറമുഖം ; കാലാവസ്ഥ പ്രതികൂലം ; കൂടുതല്‍ സമയം ആവശ്യപ്പെട്ടു അദാനി ഗ്രൂപ്പ്
തിരുവനന്തപുരം : കാലാവസ്ഥ പ്രതികൂലം ആയതിനാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച് അദാനി ഗ്രൂപ്പ്. ഓഖി ചുഴലിക്കാറ്റില്‍ തുറമുഖ നിര്‍മാണത്തിനെത്തിച്ച ഡ്രഡ്ജറുകള്‍ തകര്‍ന്നുവെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഓഖി ദുരന്തമാണ് പദ്ധതിക്ക് പ്രതിസന്ധിയുണ്ടാക്കിയത്. ഡ്രഡ്ജിങ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഓഖി ദുരന്തം ബാധിച്ചു. അതുകൊണ്ട് തന്നെ നിശ്ചയിച്ച സമയത്ത് തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ പറയുന്നു.
1460 ദിവസങ്ങള്‍കൊണ്ട് തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. നിലവിലെ അവസ്ഥയില്‍ ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. ഇവര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കും. വിഷയത്തില്‍ പടനം നടത്തി ഇവര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കും. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി നിലവില്‍ ഡ്രഡ്ജിങ് ജോലികള്‍ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പുലിമുട്ട് നിര്‍മാണത്തിന്റെ ജോലികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.