ഇറാഖില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു: സുഷമ സ്വരാജ് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്.ഇവരെ കൊന്നുകുഴിച്ചുമൂടുകയായിരുന്നുവെന്ന് സ്ഥിരീകരിക്കാനായി.ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ ഇന്ത്യക്കാരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. കൂട്ടശവക്കുഴികളില്‍നിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരിലേറെയും പഞ്ചാബ് സ്വദേശികളാണ് .

2014-ല്‍ മൊസൂളില്‍നിന്ന് ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭീകരരില്‍നിന്നു മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ, കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ട വിവരം ലഭിക്കുന്നത്.