ഡികെയുടെ ആ സിക്‌സര്‍ ധോണിക്കുള്ള മുന്നറിയിപ്പ്; സഞ്ജുവിനും പന്തിനും കാത്തിരിക്കാനുള്ള സിഗ്‌നല്‍
ബംഗ്ലാദേശിനെതിരായ നിദാഹാസ് ട്രോഫി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ആ സിക്സര്‍ പറന്നത് ഇന്ത്യയുടെ ജയത്തിലേക്കാണ്. അതേസമയം തന്നെ അത് ചെന്ന് പതിച്ചത് രണ്ടു യുവതാരങ്ങളുടെ നെഞ്ചത്തേയ്ക്ക് കൂടിയാണ്. മലയാളിയുടെ മുത്ത് സഞ്ചുവും,ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്‍ റിഷഫ പന്തുമാണ് ആ താരങ്ങള്‍. കാരണം ആ ഒരൊറ്റ സിക്‌സര്‍ കൊണ്ട് കാര്‍ത്തിക്ക് മാറ്റിവരച്ചത്, സ്വന്തം കരിയര്‍ഗ്രാഫ് കൂടിയാണ്. ധോണിക്കും മുന്നേ ടീമിലെത്തിയിട്ടും സ്ഥിരം ഇടം കണ്ടെത്താന്‍ കഴിയാത്ത താരമായിരുന്ന ദിനേശ് കാര്‍ത്തിക്കിന്റെ തലവര മാറ്റിയിരിക്കുകയാണ് ആ സിക്‌സര്‍.
ധോണിയെന്ന നീളന്‍മുടിക്കാരന്‍ കീപ്പിങ്ങിനൊപ്പം വെടിക്കെട്ട് ബാറ്റിങ്ങും കൊണ്ട് കളം നിറഞ്ഞപ്പോള്‍ പിന്നിലായിപ്പോയവരായിരുന്നു കാര്‍ത്തിക്കും പാര്‍ഥിവ് പട്ടേലുമെല്ലാം. 2007ലെ ലോക ട്വന്റി-20യില്‍ ഇന്ത്യന്‍ ടീമിനെ ധോണി ചാംപ്യന്മാരാക്കുക കൂടി ചെയ്തതോടെ ഡികെ രണ്ടാം നിരയിലേക്ക് വീണു. ഇതിനിടെ കരിയറില്‍ പലപ്പോഴും ധോണിയുടെ പകരക്കരാനായും സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായുമെല്ലാം കാര്‍ത്തിക്ക് ടീമില്‍ വന്നും പോയുമിരുന്നു.
വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിയെക്കാള്‍ അക്രോബാറ്റിക് ആണ് കാര്‍ത്തിക്. എന്നാല്‍ ധോണിയോളം പിഴവുറ്റ വിക്കറ്റ് കീപ്പറല്ല. പലപ്പോഴും അസാധ്യ ക്യാച്ചുകള്‍ കൈയിലൊതുക്കി ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള കാര്‍ത്തിക്ക് അനായാസ സ്റ്റംപിംഗ് അവസരങ്ങള്‍പോലും നഷ്ടമാക്കി ആശ്ചര്യപ്പെടുത്തിയിട്ടുമുണ്ട്. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും പ്രതിഭാസമായി മാറിയ ധോണിയുടെ സാന്നിധ്യം തന്നെയാണ് ടീമിലെ സ്ഥിരം സാന്നിധ്യമാവാനുള്ള പോരാട്ടത്തില്‍ കാര്‍ത്തിക്കിന് തിരിച്ചടിയായത്.
നിദാഹാസ് ട്രോഫി ടൂര്‍ണമെന്റില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ അയക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു കാര്‍ത്തിക്കിനൊപ്പം നറുക്കുവീണത് റിഷഭ് പന്തിനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ടു ബാറ്റ്സ്മാനായ പന്ത് തന്നെ വിക്കറ്റിന് പിന്നില്‍ ധോണിയുടെ പിന്‍ഗാമിയാകുമെന്ന് പലരും കരുതി,എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും പന്ത് നിരാശപ്പെടുത്തിയതോടെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള ഒരുപിടി താരങ്ങള്‍ക്കുള്ള സാധ്യതകളും തുറന്നിരുന്നു.
ബംഗ്ലാദേശിനെതിരെ കാര്‍ത്തിക്ക് പുറത്തെടുത്ത കട്ട ഹീറോയിസത്തോടെ ഒരുകാര്യം ഉറപ്പായി. അടുത്ത ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് കരുതുന്ന ധോണിക്ക് പിന്‍ഗാമിയായി സെലക്ടര്‍മാര്‍ തല്‍ക്കാലത്തേക്കെങ്കിലും ഇനി കാര്‍ത്തിക്കിനെ പരിഗണിക്കും. കുറഞ്ഞത് മൂന്ന് വര്‍ഷം കൂടി കാര്‍ത്തിക്ക് സെലക്ടര്‍മാരുടെ വിളിപ്പുറത്തുണ്ടാവും. സഞ്ജുവും പന്തും അടക്കമുള്ള യുവതാരങ്ങള്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം.