‘ക്രിക്കറ്റ് വേണ്ടെങ്കില്‍ വേണ്ട’ ഫുട്ബോള്‍ നടക്കട്ടെ; നിലപാട് വ്യക്തമാക്കി ജിസിഡിഎ
കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്താന്‍ കെസിഎയ്ക്ക് അനുമതി നല്കിയ ജിസിഡിഎ തീരുമാനത്തില്‍ നിന്നും പിന്‍വലിയുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനോട് താല്പര്യമില്ലെങ്കില്, വേണ്ടെന്ന നിലപാടുമായി ജിസിഡിഎ രംഗത്തെത്തി. മത്സരം നടത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിനും വിവാദത്തിനും താല്‍പ്പര്യമില്ലെന്ന് ജിസിഡിഎ ചെയര്മാന് സി.എന്‍.മോഹനന് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടു മത്സരങ്ങളും മറ്റു പ്രയാസങ്ങളൊന്നുമില്ലാതെ നടത്താന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും അല്ല ഏതെങ്കിലും ഒന്നു മാത്രം നടതാനേ കഴിയു എങ്കില്‍ അത് മാത്രം നടത്തിയാല്‍ മതിയെന്നാണ് ജിസിഡിഎ നിലപാടെന്നും സി.എന്‍.മോഹനന് പറഞ്ഞു. സ്റ്റേഡിയത്തിനും ഗ്രൗണ്ടിനും തടസമില്ലാത്ത വിധം രണ്ടും നടത്താന്‍ കഴിയുമെങ്കില്‍ ജിസിഡിഎ അതിനു തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരം നടത്തുന്നതില്‍ ആശങ്ക പങ്കുവച്ച് കേരള ഫുട്ബോള്‍ അസോസിയേഷനും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും രംഗത്തെത്തിയിരുന്നു. വേദി തീരുമാനിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കൂടിയാലോചന വേണമെന്ന് കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍ പറഞ്ഞു.
ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകള്‍ വളരെ വൈകും. വിന്‍ഡീസ് ഏകദിനത്തിനുശേഷം മൈതാനം സജ്ജമാക്കാന്‍ ഒരുമാസമെടുക്കും. ഐഎസ്എല്‍ സംഘാടകരുമായും വിഷയം ചര്‍ച്ചചെയ്യണമെന്ന് മേത്തര്‍ കൊച്ചിയില്‍ പറഞ്ഞു. ആദ്യം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ച മല്‍സരം കൊച്ചി നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ ക്രിക്കറ്റ് മത്സരം നടത്താനുളള തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സികെ വിനീതും ഇയാന്‍ ഹ്യൂമും റിനോ ആന്റോയും രംഗത്ത് വന്നിരുന്നു.