ബിജെപിയെ നേരിടാന്‍ മൂന്നാം മുന്നണി രൂപീകരണം വേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ്

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ മൂന്നാംമുന്നണി രൂപീകരിക്കേണ്ടതില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്നാംമുന്നണി രൂപീകരിക്കുന്നതിലൂടെ ബിജെപി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോകാന്‍ മാത്രമേ സഹായിക്കൂ. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മുന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടയിലാണു തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് വ്യകത്മാക്കി രംഗത്ത് വന്നിരിക്കുന്നത്.

മൂന്നാം മുന്നണി പ്രതിപക്ഷവോട്ടുകള്‍ ചിതറിപ്പോകാനേ സഹായിക്കൂ. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. എല്ലാവരും ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കണം. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഇതിന്റെ ഭാഗമാക്കാനാണു ശ്രമം. ബിജെപിയുടെ സഖ്യകക്ഷികളും ഇതിലേക്കു വരുമെന്നും തൃണമൂല്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

എന്‍ഡിഎയിലെ ഭിന്നതയും യുപിയില്‍ ബിജെപി നേരിട്ട തിരിച്ചടിയും പ്രതിപക്ഷ കക്ഷികള്‍ക്കു ബിജെപിക്കെതിരെ പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളിലൊന്നാണ്. പ്രതിപക്ഷ നിരയെ ആരു നയിക്കും എന്ന തര്‍ക്കം ഇപ്പോഴില്ല. അതേസമയം പ്രതിപക്ഷ നിരയില്‍ ഭിന്നതയുണ്ടെന്നു വരുത്തിതീര്‍ക്കാനാണു ബിജെപി ശ്രമിക്കുന്നത്. ബിജെപിയെ തകര്‍ക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം.

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുവേണ്ടി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ബദല്‍ രൂപീകരിക്കുകയാണു റാവു ലക്ഷ്യം വയ്ക്കുന്നത്.