പുതിയ മാര്‍ക്കറ്റിംഗ് തന്ത്രവുമായി അഡാര്‍ ടീം ; കയ്യോടെ പിടികൂടി കോളേജ് അധികൃതര്‍
കുറച്ചു നാള്‍ മുന്‍പ് ലോകം മുഴുവന്‍ വൈറല്‍ ആയ ഒന്നായിരുന്നു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലര്‍ എന്ന ഗാനം. ഗാനമല്ല അതിലെ അഭിനേത്രിയായ പ്രിയാ വാര്യരുടെ ഒരു കണ്ണിറുക്കല്‍ ആണ് ലോകം വീണത്. അതിനു ശേഷം ദിവസവും അഡാര്‍ സിനിമയുടെ വിശേഷങ്ങള്‍ ആയിരുന്നു സോഷ്യല്‍ മീഡിയ മുഴുവന്‍. ഒന്ന് തണുക്കുമ്പോള്‍ അടുത്തത് അത് കഴിഞ്ഞു മറ്റത്. പ്രിയയ്ക്ക് ബോളിവുഡില്‍ നിന്ന് ക്ഷണം വന്നു തെലുങ്ക് ചിത്രത്തില്‍ രണ്ടു കോടി പ്രതിഫലം കേട്ടു എന്നിങ്ങനെ ദിനംപ്രതി ഓരോ ന്യൂസുകള്‍ വന്നുകൊണ്ടിരുന്നു.അതിനിടയ്ക്ക് ഗാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത് വന്നു എന്നും ഒരു വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതെല്ലം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പടച്ചു വിട്ടതാണ് എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു. സമയം കഴിഞ്ഞപ്പോള്‍ വൈറല്‍ എല്ലാം ഒതുങ്ങുകയും സോഷ്യല്‍ മീഡിയ വേറെ കാര്യങ്ങളില്‍ തിരക്കാവുകയും ചെയ്തു. എന്നാലും ഇടയ്ക്ക് ചില അഡാര്‍ വാര്‍ത്തകള്‍ വന്നിരുന്നത് ആരും ശ്രദ്ധിച്ചതുമില്ല.
എന്നാല്‍ വീണ്ടും ഒരു വ്യാജ വാര്‍ത്തയുമായി അഡാര്‍ ടീം രംഗത്ത് വന്നിരിക്കുകയാണ്. പ്രിയയുടെ വൈറലായ കണ്ണിറുക്കല്‍ പ്രമുഖരുള്‍പ്പടെ പലരും കടമെടുത്തിരുന്നു. എന്നാല്‍ പ്രിയയെ പോലെ കണ്ണിറുക്കിയാല്‍ പെണ്‍കുട്ടികളെ കോളേജില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യും എന്നൊരു സർക്കുലര്‍ ഇറങ്ങി എന്നാണ് ഇപ്പോള്‍ വന്ന ന്യൂസ്. കോയമ്പത്തൂരിലെ വി.എല്‍.ബി. ജാനകിയമ്മാള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ പേരിലാണ് സര്‍ക്കുലര്‍ വന്നത് എന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു. ഈ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും കോളേജിനെതിരേ പ്രതിഷേധമുയരുകയും ചെയ്തു. എന്നാലിപ്പോൾ ഈ വിവാദ സർക്കുലറിന്റെ പുറത്തുവന്നിരിക്കുകയാണ്. ഈ സര്‍ക്കുലർ വ്യാജമാണെന്നും തങ്ങൾ അത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടില്ലെന്നും കോളേജ് അധികൃതര്‍ പറയുന്നു. 2017ല്‍ കോളേജില്‍ വിദേശ നിര്‍മിത ശീതള പാനിയങ്ങൾ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിലെ എഴുത്തു ഫോട്ടോഷോപ്പിൽ മായ്ച്ചുകളഞ്ഞാണ് വിവാദ സര്‍ക്കുലറാക്കിയത്.
അതേസമയം അഡാര്‍ സിനിമയുടെ സംവിധായകന്‍ അംഗമായ ചില സിനിമാ ഗ്രൂപ്പുകളില്‍ ആണ് ഈ പോസ്റ്റ് ആദ്യമായി വന്നത് എന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. സിനിമയുടെ പിന്നണിയില്‍ ഉള്ളവര്‍ തന്നെയാണ് ഈ വ്യാജ പോസ്റ്റ് ഉണ്ടാക്കി വിട്ടതെന്നും അവര്‍ പറയുന്നു. എന്നാല്‍ കോളേജിനെതിരെ വിരോധം ഉള്ളവരാണ് ഇതിനു പിന്നില്‍ എന്ന് കോളേജ് അധികൃതര്‍ പറയുന്നു.