കീഴാറ്റൂരിലെ സമരക്കാര്‍ വയല്‍ക്കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന വിവാദ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. വികസനവിരുദ്ധരായവര്‍ മാരീച വേഷം പൂണ്ടാണ് കീഴാറ്റൂരില്‍ സമരവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായ കീഴാറ്റൂര്‍ വയിലൂടെയുള്ള ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവകര്‍ക്കെതിരെ മന്ത്രി നേരത്തേയും രംഗത്തെത്തിയിരുന്നു.ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്ന് മന്ത്രി ആരോപിച്ചു

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരുടെ സമരപ്പന്തല്‍ കഴിഞ്ഞ ദിവസം കത്തിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കത്തിക്കുന്നതിന് കൂട്ടു നില്‍ക്കുന്നതാണോ പോലീസിന്റെ ജോലിയെന്ന് പ്രതിപക്ഷം ചോദിച്ചു.

അതേസമയം മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം നയിച്ച അഖിലേന്ത്യ കിസാന്‍ സഭ, കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരത്തെ തള്ളി രംഗത്തുവന്നിട്ടുണ്ട്. ബൈപ്പാസുമായി ബന്ധപ്പെട്ട് സമരം നടത്തുന്നത് പുറത്തുനിന്ന് വന്നവരാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്‍മൊല്ല പറഞ്ഞു.

ഏഴ് ഏക്കറില്‍ കുറഞ്ഞ ഭൂമി മാത്രമാണ് അവിടെ നഷ്ടമാവുന്നത്. ഭൂമിക്ക് വലിയ തുകയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്നത്.ഭൂരിഭാഗം കര്‍ഷകരും ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസും വിഷയത്തില്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.