വിപണി മൂല്യത്തില്‍ ഗൂഗിളിനെ പിന്തള്ളി ആമസോണ്‍ കുതിപ്പ്

ചരിത്രത്തിലാദ്യമായി ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍ കുതിപ്പ്. യുഎസില്‍ ലിസ്റ്റ് ചെയ്ത് കമ്പനികളുടെ വിപണിമൂല്യത്തിന്റെ കാര്യത്തിലാണ് അമസോണ്‍ ഈ നേട്ടം നേടിയത്. ആമസോണിന്റെ ഓഹരി വില 2.69 ശതമാനം ഉയര്‍ന്ന് 1,586.51 ഡോളറിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. അതോടെ കമ്പനിയുടെ വിപണിമൂല്യം 768 ബില്യണ്‍ ഡോളറായി. എന്നാല്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന്റെ ഓഹരി വിലയില്‍ 0.39 ശതമാനം നഷ്ടമുണ്ടാകകുകയും ചെയ്തു. അതോടെ വിപണി മൂല്യം 762 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു.

വരിക്കാരുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണം പുറത്തുവന്നതിനെതുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞദിവസം കുത്തനെ താഴ്ന്നിരുന്നു ഇതും ആമസോണിനു ഗുണകരമായി. ഓണ്‍ലൈന്‍ പരസ്യവിപണിയുടെ ആധിപത്യം ആല്‍ഫബറ്റിനും ഫെയ്‌സ്ബുക്കിനുമാണ്. വരിക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും സര്‍ക്കാരിന്റെ വിമര്‍ശനം നേരത്തെ നേരിടേണ്ടിവന്നിരുന്നു. വിഷയം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് ആല്‍ഫബെറ്റിന്റെ ഓഹരിക്കും തിരിച്ചടിയേറ്റത്.