അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ന്നു ; ഫേസ്ബുക്കിന് കേന്ദ്രസര്‍കാരിന്റെ താക്കീത്
ന്യൂഡല്‍ഹി : ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന താക്കീത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ഫേസ്ബുക്ക് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിജ് അനലറ്റിക്ക എന്ന കമ്പനി അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്റെ വിജയത്തിനായി ചോര്‍ത്തിയ വിവരം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാഹചര്യത്തിലാണ് കമ്പനിയ്ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. പൊതു തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തെയും സോഷ്യല്‍ മീഡിയയിലെ അഭിപ്രായ, ആവിഷ്‌കാര്യ സ്വാതന്ത്ര്യത്തേയും സര്‍ക്കാര്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ഒരു ശ്രമവും അനുവദിക്കാനാവില്ല. ആവശ്യമെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അമേരിക്കയിലും ഇംഗ്ലണ്ടിലും വിവര മോഷണവുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന കേംബ്രിജ് അനലറ്റിക്ക. ഈ സ്ഥാപനം ഇന്ത്യയിലും ഇടപെടുന്നുണ്ട്. ഈ കമ്പനി തന്നെയാണ് യുപിഎയ്ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികളുടെ ഇടപെടലുമായി ബന്ധപ്പെട്ടും ഫേയ്‌സ്ബുക്ക് പ്രതിക്കൂട്ടിലായിരുന്നു.