എതിര്‍പ്പുകളും പ്രതിഷേധവും ഫലം കണ്ടു; ഇന്ത്യ – വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തേക്ക്

കൊച്ചി: നവംബര്‍ ഒന്നിനു നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന വേദി മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതിനെത്തുടര്‍ന്നാണ് മത്സരം തിരുവനന്തപുരത്തേയ്ക്ക് മാറ്റുന്നത്. കൊച്ചിയില്‍ മത്സരം നടത്തണമെങ്കില്‍ ഫുട്‌ബോളിനായി സജ്ജമായിരിക്കുന്ന ടര്‍ഫ് പൊളിക്കേണ്ടി വരുമെന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയതോടെയാണു മാറ്റം. വിഷയത്തില്‍ ഇടപെട്ട സച്ചിനും ശശി തരൂരിനും ബിസിസിഐ അധികൃതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായാണു സൂചന.

അതേസമയം വിവാദമുണ്ടാക്കി കൊച്ചിയില്‍ കളി നടത്താനില്ലെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യ – വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തു നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)നും വ്യക്തമാക്കി. കൊച്ചിയില്‍നിന്ന് കെസിഎയെ ഇറക്കിവിടാന്‍ നീക്കം നടക്കുന്നുവെന്നും കൊച്ചി സ്റ്റേഡിയത്തിനായി കോടികള്‍ മുടക്കിയിട്ടുണ്ടെന്നും കെസിഎ സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്താണു കൊച്ചിയില്‍ ഏകദിന മല്‍സരം നടത്തണമെന്ന് കെസിഎ. ആഗ്രഹിച്ചത്. ഐഎസ്എല്‍ ആദ്യ സീസണിലും സമാനമായ സാഹചര്യത്തില്‍ ക്രിക്കറ്റിനുശേഷം മൈതാനം ഒരുക്കി ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കെസിഎ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടക്കുന്നതിനോടാണ് താല്‍പ്പര്യമെന്ന് സര്‍ക്കാരും നിലപാടെടുത്തതോടെ കെസിഎ വഴങ്ങുകയായിരുന്നു.

വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കെ.സി.എ, ബ്ലാസ്റ്റേഴ്സ്, ജിഡിസിഎ ഭാരവാഹികള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഇപ്പോള്‍ കളി തിരുവനന്തപുരത്തേക്ക് മാറ്റിയാലും ഭാവിയില്‍ കലൂരിലും കാര്യവട്ടത്തും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള മാനദണ്ഡം ഇന്നത്തെ യോഗത്തിലുണ്ടാവും എന്നാണ് സൂചന.