കൊച്ചിയോ തിരുവനന്തപുരമോ? ഇന്ത്യ- വിന്‍ഡീസ് ഏകദിന വേദിയില്‍ അന്തിമ തീരുമാനം ഇന്നറിയാം

കൊച്ചി: കേരളത്തിന് അനുവദിച്ച ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി ഏതെന്ന കാര്യത്തില്‍ ഇന്ന് വ്യക്തതയുണ്ടാകും. നേരത്തെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്ന് തീരുമാനിച്ചെങ്കിലും, ഫുട്‌ബോള്‍ ആരാധകരുടെ പ്രതിഷേധമുയര്‍ന്നതോടെ വേദി സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ടിരുന്നു.

ഇത് പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ജി.സി.ഡി.എ, കേരള ക്രിക്കറ്റ് അസോസിയേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള ബ്‌ളാസറ്റേഴ്സ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച. നെഹ്‌റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്‌ബോള്‍ ടര്‍ഫ് പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ ഫുട്‌ബോള്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിനായി ഫിഫയുടെ മേല്‍നോട്ടത്തില്‍ ലോകോത്തര നിലവാരത്തിലാണ് ടര്‍ഫ് നിര്‍മിച്ചത്. ഇത് പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കുന്നത് ശരിയല്ലെന്നും,അത് ഫുട്‌ബോള്‍ മത്സരങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ആരാധകര്‍ ആരോപിച്ചു.

തുടര്‍ന്ന് സേവ് കൊച്ചി ടര്‍ഫ് ക്യാമ്പയിനുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയതോടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടു. കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തുകയെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊച്ചിയില്‍ തന്നെ ഏകദിനം നടത്തണമെന്ന നിലപാടിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.