ആയിരം കോടിയുടെ സിനിമയുമായി അമീര്‍ എത്തുന്നു ; മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശ

മുംബൈ : മോഹന്‍ലാല്‍ ആരാധകരെ നിരാശരാക്കി ബോളിവുഡില്‍ നിന്നും ഒരു വാര്‍ത്ത. എംടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുമെന്നു പറഞ്ഞ മഹാഭാരതം ആയിരം കോടി മുതല്‍ മുടക്കില്‍ ആണ് നിര്‍മ്മിക്കുവാന്‍ ഇരുന്നത്.ചിത്രത്തില്‍ മോഹന്‍ലാലിനെണ് നായകനായി തീരുമാനിച്ചിരുന്നത്. പ്രഖ്യാപനം വന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും തന്നെ വന്നില്ല. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും താരങ്ങള്‍ എത്തുമെന്ന് പറഞ്ഞിരുന്നു. അതുമല്ല ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ആയിരം കോടിക്ക് ഒരു സിനിമ തയ്യാറാകുന്നതും. ഇതെല്ലാം കൊണ്ടു തന്നെ ലാല്‍ ആരാധകര്‍ വന്‍ ആഘോഷത്തിലായിരുന്നു.

എന്നാല്‍ ഈ സന്തോഷങ്ങള്‍ എല്ലാം അസ്ഥാനത്തായി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. കാരണം ബോളിവുഡില്‍ നിന്നും മറ്റൊരു മഹാഭാരതം വരാന്‍ പോവുകയാണ്. നടന്‍ ആമിര്‍ ഖാന്‍ മനസില്‍ കൊണ്ട് നടന്നിരുന്ന സ്വപ്നമായിരുന്നു മഹാഭാരതം. സിനിമയ്ക്ക് പിന്തുണയുമായി ഇന്ത്യയിലെ വ്യവസായ പ്രമുഖനായ അംബാനി കൂടി രംഗത്തെത്തിയതോടെ ആമിര്‍ ഖാന്‍ സിനിമയുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലാണ്. സിനിമയ്ക്ക് വേണ്ടി മുകേഷ് അംബാനി പുതിയ നിര്‍മാണ കമ്പനി തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സിനിമ യാഥര്‍ത്ഥ്യമാവുമെന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്. ബിഗ് ബജറ്റ് സിനിമയായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ആയിരം കോടി മുതല്‍ മുടക്കാണ് ആവശ്യമുള്ളത്.

മുകേഷ് അംബാനി കൂടി സിനിമയുടെ ഭാഗമായതോടെ സിനിമ അതിവേഗം തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോളിവുഡിലെ ലോര്‍ഡ് ഓഫ് ദ റിങ്സ്, ഗെയിം ഓഫ് ത്രോണ്‍ പോലെ പലവിധ സീരിയസുകളായി സിനിമ നിര്‍മ്മിക്കാനാണ് ആമിര്‍ ഖാന്‍ ലക്ഷ്യമിടുന്നത്. തന്റെ സിനിമകളെല്ലാം ആയിരം, രണ്ടായിരം കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം അറിയുന്ന നടനാണ് ആമിര്‍ ഖാന്‍. അതിനാല്‍ വിശ്വാസത്തോട് കൂടി തന്നെ സിനിമ ആമിര്‍ ഖാനെ ഏല്‍പ്പിക്കാന്‍ മുകേഷ് അംബാനിയും തയ്യാറായി കഴിഞ്ഞിരിക്കുകയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മഹാഭാരതം സിനിമയാക്കാന്‍ ആമിര്‍ ഖാനും മുകേഷ് അംബാനിയും തയ്യാറായി എന്ന വാര്‍ത്തകള്‍ വന്നെങ്കിലും ബാക്കി കാര്യങ്ങളെല്ലാം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

സിനിമയ്ക്ക് വേണ്ട കഥ, സംവിധാനം, മറ്റ് താരങ്ങള്‍ തുടങ്ങിയ അണിരയിലെ മറ്റ് കാര്യങ്ങളൊന്നും ഇനിയും വ്യക്തമായിട്ടില്ല. വരും ദിവസങ്ങളില്‍ അതും പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ ബാഹുബലിയ്ക്ക് ശേഷം മഹാഭാരതം നിര്‍മ്മിക്കാന്‍ രാജമൗലിയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ രണ്ടാമൂഴം വരുന്നതിനാല്‍ രാജമൗലി പിന്മാറുകയായിരുന്നു. മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, രജനികാന്ത് എന്നിവരെ നായകന്മാരായി മനസില്‍ കണ്ടായിരുന്നു രാജമൗലി സിനിമയെ കുറിച്ച് ആലോചിച്ചത്. എന്നാല്‍ അദ്ദേഹം സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു.

അതേസമയം മോഹന്‍ലാലിന്റെ രണ്ടാംമൂഴം എന്ന് തുടങ്ങും എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ഒടിയന്റെ തിരക്കുകളിലാണ് ശ്രീകുമാര്‍ മേനോന്‍. അതിന്റെ ഷൂട്ടിങ്ങും നീണ്ടു നീണ്ടു പോവുകയാണ്. ഇപ്പോള്‍ ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഒടിയന്‍ തിയറ്ററുകളിലെത്തി മോഹന്‍ലാലിന്റെ മറ്റ് തിരക്കുകള്‍ക്ക് ശേഷമായിരിക്കും രണ്ടാമൂഴം വരുന്നുണ്ടാവുക.