ആകാശത്ത് പ്രത്യക്ഷപ്പെട്ട ‘മേഘക്കുഴല്‍’കണ്ട് ; ലോകാവസാനമെന്ന ഞെട്ടലില്‍ ജനം

ആരു കണ്ടാലും ലോകാവസാനമാണെന്നേ ആദ്യം കരുതു.അത്രയ്ക്ക് ഞെട്ടിക്കുന്നകാഴ്ചയായിരുന്നു കണ്മുന്നില്‍. ആകാശത്ത് ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേക്കെന്ന വണ്ണം നീണ്ടു പോകുന്ന ഒരു പടുകൂറ്റന്‍ ‘മേഘക്കുഴല്‍’. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലായിരുന്നു അമ്പരപ്പിക്കുന്ന ഈ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. ലോകാവസാനത്തിനു മുന്നിലുള്ള കാഴ്ചയായി സിനിമകളിലെല്ലാം കാണിക്കുന്ന ദൃശ്യത്തിനു സമാനമായിരുന്നു അത്. ലോകം ഉടനെ അവസാനിക്കുമെന്ന് എന്തായാലും ഏവരും കരുതി


പക്ഷേ സംഗതി റോള്‍ ക്ലൗഡ് എന്നറിയപ്പെടുന്ന മേഘ പ്രതിഭാസമായിരുന്നു. ശരിക്കും പേപ്പര്‍ ചുരുട്ടിയെടുത്തതു പോലൊരു മേഘം. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാല്‍ത്തന്നെ ആപ്തസൂചനയെന്ന പോലെയാണു പലപ്പോഴും ഇവ പ്രത്യക്ഷമാകാറുള്ളതും. വളരെ അപൂര്‍വമായാണ് ഇതു സംഭവിക്കാറുള്ളൂ. അപൂര്‍വമെന്നു പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇവയ്ക്ക് പേരു നല്‍കിയതെന്നു പോലും പറയേണ്ടി വരും. റോള്‍ ക്ലൗഡുകള്‍ക്ക് ഔദ്യോഗികമായി പേരിടുന്നത് 2017ലാണ്. വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ ക്ലൗഡ് അറ്റ്‌ലസില്‍ ഏറ്റവും പുതിയ മേഘങ്ങളുടെ കൂട്ടത്തിലും ഇതിനെ ഉള്‍പ്പെടുത്തി.