‘ഫല’ പ്രഖ്യാപനം വന്നു; ചക്ക ഇനിമുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം
തിരുവനന്തപുരം:മലയാളികളുടെ പ്രീയപ്പെട്ട ചക്ക ഇനിമുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം. ചക്കയെ ഔദ്യോഗിക ഫലമായി നിയമസഭയില്‍ പ്രഖ്യാപിച്ചു. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കാര്‍ഷിക വകുപ്പാണ് ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്നതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തില്‍ നിന്നുള്ള ചക്ക’ എന്ന ബ്രാന്‍ഡായി അവതരിപ്പിക്കുന്നത് മുന്നില്‍ക്കണ്ടാണ് ഈ ഔദ്യോഗിക ‘ഫല’പ്രഖ്യാപനം. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു..
ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.
പല തരത്തില്‍പ്പെട്ട കോടിക്കണക്കിനു ചക്കകളാണു പ്രതിവര്‍ഷം കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതെന്നും സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. കീടനാശിനി പ്രയോഗമില്ലാതെ ഉല്‍പാദിപ്പിക്കുന്ന അപൂര്‍വം ഫലവര്‍ഗങ്ങളിലൊന്നാണ് ചക്ക. യാതൊരു വിധ വളപ്രയോഗങ്ങളും കാര്യമായി വേണ്ടി വരാറില്ല. ഗ്രാമങ്ങളില്‍ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളരും. അതിനാല്‍ത്തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതാണെന്നും വിഷമുക്തമാണെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കരിമീനിനെ സംസ്ഥാന മത്സ്യമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.