ടെക്സസിലെ ബോംബ് സ്ഫോടനങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: ട്രംപ്
പി. പി. ചെറിയാന്‍
വാഷിങ്ടന്‍ ഡിസി: പതിനെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ ടെക്സസിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിന്‍ പരിസരത്ത് ഉണ്ടായ അഞ്ചു ബോംബ് സ്ഫോടനങ്ങള്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
അഞ്ചു ബോംബ് സ്ഫോടനങ്ങളിലായി രണ്ടു പേര്‍ മരിക്കുകയും നാലു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി ലോക്കല്‍ പൊലീസിനോടൊപ്പം എഫ്ബിഐ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചതായി സ്പെഷ്യല്‍ ഓഫീസര്‍ ക്രിസ്റ്റഫര്‍ കോമ്പ് പറഞ്ഞു.
സൗദി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാനുമായി കൂടികാഴ്ച നടത്തുന്നതിന് മുമ്പ് പ്രസിഡന്റ് ട്രംമ്പ് മാധ്യമ പ്രവര്‍ത്തകരുമായി ഓസ്റ്റിന്‍ സ്പോടനങ്ങളിലുള്ള തന്റെ ആശങ്ക അറിയിച്ചു. ബോംബിംഗിനു പിന്നില്‍ മാനസിക രോഗികളാകാം എന്നാണ് ട്രംമ്പ് അഭിപ്രായപ്പെട്ടത്. നമ്മള്‍ വളരെ ശക്തരാണ്. ഇതിനുത്തരവാദികളെ പിടികൂടുക തന്നെ ചെയ്യും.
ഓസ്റ്റിനിലെ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ് ഏത് സമയത്തും എവിടെ എന്ത് സംഭവിക്കുമെന്നതില്‍ ആശങ്കാകുലരാണ് ഇവര്‍.
പ്രതികളെ കണ്ടെത്തുന്നതിന് 115000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടും പ്രധാന സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സിറ്റിയില്‍ സംശയാസ്പദ നിലയില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ 911 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.