കീഴ് ജാതിയിലുള്ള യുവാവുമായി പ്രണയം ; മലപ്പുറത്ത് കല്യാണത്തലേന്നു അച്ഛന്‍ മകളെ കുത്തിക്കൊന്നു

മലപ്പുറം: മലപ്പുറത്തും ദുരഭിമാനക്കൊല. നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛന്‍ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ആതിര രാജ് (21) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മകള്‍ പിന്നാക്ക ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചതിന്റെ ദേഷ്യത്തിലാണ് അച്ഛന്‍ കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ആതിര കൊയിലാണ്ടിയിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ സൈനികനാണ്. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പൂര്‍ണ്ണ സമ്മതം വാങ്ങാതെയാണ് പെണ്‍കുട്ടി വിവാഹത്തിന് ഒരുങ്ങിയത്.

രാജന്‍ മാത്രമായിരുന്നു വിവാഹത്തിന് എതിര്. എന്നാല്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ വിവാഹം നടത്താന്‍ ധാരണയാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വീട്ടില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ആതിര അടുത്ത വീട്ടിലേക്ക് ഓടിയെങ്കിലും പിന്നാലെ കത്തിയുമായി എത്തിയ രാജന്‍ മകളെ കുത്തി വീഴുത്തുകയായിരുന്നു ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആതിരയുടെ അച്ഛന്‍ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.