ഗര്‍ഭഛിദ്രം തടയുന്ന ബില്ലില്‍ മിസിസ്സിപ്പി ഗവര്‍ണര്‍ ഒപ്പുവെച്ചു
പി.പി. ചെറിയാന്‍
മിസിസിപ്പി: പതിനഞ്ച് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധന ബില്ലില്‍ മിസിസിപ്പി ഗവര്‍ണര്‍ ഫില്‍ ബ്രയാന്‍ ഒപ്പുവച്ചു. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ശനമായ ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങള്‍ നിലവിലുള്ള സംസ്ഥാനമാണ് മിസിസിപ്പി.
(മാര്‍ച്ച് 19 )തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ലില്‍ ഒപ്പുവെച്ച ഗവര്‍ണര്‍, മിസിസിപ്പി സംസ്ഥാനമായിരിക്കണം ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാകേണ്ടതെന്ന് അഭിപ്രായപ്പെട്ടു. എല്ലാ ഗര്‍ഭചിത്ര ക്ലിനിക്കുകളും ഇതോടെ അടച്ചു പൂട്ടും.
ഇതുവരെ 20 ആഴ്ച വരെയുള്ള കുട്ടികള്‍ക്കായിരുന്നു നിരോധനമെങ്കില്‍ ഇപ്പോള്‍ അത് 15 ആഴ്ചവരെയാക്കി കുറച്ചു.സംസ്ഥാന ഹൗസിലും സെനറ്റിലും നിയന്ത്രണമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ഭ്രൂണഹത്യ നിരോധന നിയമം അംഗീകരിച്ചത്. സെനറ്റില്‍ 14 നെതിരെ 35നും ഹൗസില്‍ 34 നെതിരെ 76 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബില്ലിനെ ചോദ്യം ചെയ്തു ഫെഡറല്‍ കോടതിയില്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. ജാക്സണ്‍ വുമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്തിരിക്കുന്നത്.