സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ് വ്യാപകമാകുന്നു
കയ്പമംഗലം : ഏവര്‍ക്കും പ്രിയങ്കരമായ ഒന്നായി ഓണ്‍ലൈന്‍ ഷോപ്പിംഗ് മാറിയിട്ട് കുറച്ചുകാലമായി. ആദ്യകാലങ്ങളില്‍ മലയാളികള്‍ ഇതിനോട് മുഖം തിരിഞ്ഞു നിന്ന് എങ്കിലും ഇപ്പോള്‍ കേരളത്തില്‍ വന്‍സ്വീകാര്യതയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ലഭിക്കുന്നത്. എന്നാല്‍ ഈ മേഖലയില്‍ തട്ടിപ്പും ഇപ്പോള്‍ വ്യാപകമാവുകയാണ്. പലപ്പോഴും ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ അല്ല ലഭിക്കുന്നത്. അല്ലെങ്കില്‍ ചപ്പുചവറുകളും മറ്റുമാകും. അത്തരത്തില്‍ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ നാലായിരം രൂപയടച്ചയാള്‍ക്ക് കിട്ടിയത് പഴയ ഷൂസും പൊട്ടിപ്പൊളിഞ്ഞ ബെല്‍റ്റും.
കയ്പമംഗലം മൂന്നുപീടിക സ്വദേശി രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടത്. ചെന്നൈ ആസ്ഥാനമായുള്ള എമൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്ന് ബെല്‍റ്റ്, പഴ്‌സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കുകയായിരുന്നു. പോസറ്റല്‍ വഴി എത്തിയ സാധനം ബുധനാഴ്ച പോസ്റ്റോഫീസിലെത്തി നാലായിരം രൂപയടച്ച് പാര്‍സല്‍ വാങ്ങി തുറന്നുനോക്കിയപ്പോഴാണ് ചതി മനസിലായത്. കവറിനുള്ളില്‍ ഒരു ഷൂവും പഴയതും പൊട്ടിപ്പൊളിഞ്ഞതുമായ ബെല്‍റ്റും കടലാസുകളും മാത്രമാണുണ്ടായിരുന്നത്. ഉടന്‍തന്നെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ മറുപടിയാണ് ലഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പോസ്റ്റോഫീസില്‍ പരാതി നല്‍കിയ രാഹുല്‍ മതിലകം പോലീസിലും പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.