ഇന്ത്യാ വിന്‍ഡീസ് ഏകദിനം ; കളി തിരുവനന്തപുരത്ത് തന്നെ
തിരുവനന്തപുരമോ കൊച്ചിയോ എന്ന തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമാവുന്നു. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയം തന്നെ വേദിയാകും. നവംബര്‍ ഒന്നിനാണ് മത്സരം. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് മത്സരം തിരുവനന്തപുരത്ത് തന്നെ നടത്താം എന്ന് ക്രിക്കറ്റ് അസോസിയേഷന്‍ സമ്മതിച്ചത്. ശനിയാഴ്ച്ച നടക്കുന്ന കേരള ക്രിക്കറ്റ് അസോസിയോഷന്റെ യോഗത്തില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. ഐ.എസ്.എല്ലിന്റേയും ക്രിക്കറ്റ് മത്സരത്തിന്റേയും സമയക്രമം ഒരുമിച്ച് വന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഭാവിയില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മാറി മാറി മത്സരം നടത്തും. കൊച്ചിയില്‍ പുതിയ സ്റ്റേഡിയം പണിയാനുള്ള കെസിഎയുടെ ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.
നേരത്തെ തിരുവനപുരത്ത് നടത്താന്‍ നിശ്ചിയിച്ചിരുന്ന മത്സരം പിന്നീട് കെ.സി. എ. കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഐ.എസ്.എല്ലിനുവേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിനുവേണ്ടി കുത്തിക്കിളയ്ക്കേണ്ടിവരും എന്നതിനാല്‍ അതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കളിക്കാരും ഫുട്ബോള്‍ പ്രേമികളുമെല്ലാം ഇതിനെതിരേ രംഗത്തുവന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. എന്നാല്‍ കൊച്ചി വേദി ക്രിക്കറ്റിന് സ്ഥിരമായി നഷ്ടപ്പെടുമോ എന്നായിരുന്നു കെ.സി. എയുടെ ആശങ്കയെന്നും ജയേഷ് പറഞ്ഞു. മത്സരം നടത്താന്‍ കെ.സി. എയ്ക്ക് കൂടുതല്‍ ചെലവ് വരുന്നത് തിരുവനന്തപുരത്താണ്. കൊച്ചിയില്‍ മത്സരം നടത്തിയാല്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നല്ല. തിരുവനന്തപുരം സ്റ്റേഡിയത്തിലെ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അറുപത് കോര്‍പ്പറേറ്റ് ബോക്‌സുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.