പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തില്‍ വ്യോമ താവളം നിര്‍മിക്കുന്നു

ന്യൂഡല്‍ഹി: അനിശ്ചതിത്വങ്ങള്‍ക്കൊടുവില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍ വ്യോമ താവളം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്യാബിനറ്റ് കമ്മറ്റി ബനസകന്തയിലെ ദീസയില്‍ വ്യോമത്താവളം നിര്‍മിക്കുന്നതിന് അംഗീകാരം നല്‍കുകയായിരുന്നു.

പുതിയ വിമാത്താവളം വരുന്നതോടെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് കൂടുതല്‍ കരുത്താകും. ദീസയിലെ റണ്‍വേയുടെ വിപുലീകരണത്തിനായി 1000 കോടി നിക്ഷേപിക്കും. യുദ്ധവിമാനങ്ങളിറക്കുന്നതിനും മറ്റു കാര്യനിര്‍വാഹക സൗകര്യങ്ങളും ഇവിടെ ഒരുക്കും.

റണ്‍വെ 1000 മീറ്ററാക്കി നീട്ടും. വിവിഐപികള്‍ക്ക് എത്താനായി ഹെലികോപ്ടര്‍ ലാന്‍ഡിങിനുള്ള സൗകര്യങ്ങളുമുണ്ടാകും. 4000 ഏക്കറിലാണ് വിമാനത്താവളമുള്ളത്. രണ്ട് ദശാബ്ദങ്ങളോളമായി പദ്ധതി കടലാസില്‍ ഒതുങ്ങിയിരിക്കുകയായിരുന്നു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ ഇടപെടലുകളാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കാന്‍ കാരണമായതെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

ദീസയില്‍ വരുന്ന പുതിയ വ്യോമത്താവളമാകും ബര്‍മര്‍- ഭുജ് വ്യോമത്താവളങ്ങളെ അപേക്ഷിച്ച് ഇനി പാക് അതിര്‍ത്തിയോട് ഏറ്റവും അടുത്ത് നില്‍ക്കുക.