യൂറോപ്പ് മലയാളികള്‍ക്ക് എയര്‍ഇന്ത്യയുടെ ഈസ്റ്റര്‍ സമ്മാനം: ഡല്‍ഹി വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം 9 മണിക്കൂറില്‍ നിന്നും 4 മണിക്കൂറായി കുറഞ്ഞു; കൊച്ചിയിലേയ്ക്ക് പുതിയ കണക്ഷന്‍ ഫ്‌ലൈറ്റ് 2.05ന്
ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ മലയാളികള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ യാത്ര ക്ലേശത്തിന് ഉത്തരം നല്‍കി എയര്‍ ഇന്ത്യ…പാര്‍ലമെന്റംഗം സുരേഷ്‌ഗോപിയുടെയും, എയര്‍ ഇന്ത്യയുടെ കണ്‍ട്രി മാനേജര്‍ സോണിയ ബല്ലയുടെയും, എയര്‍പോര്‍ട്ട് മാനേജര്‍ രാജശ്രീ സന്തോഷിന്റേയും ഇടപെടല്‍ വിഷയത്തില്‍ നിര്‍ണ്ണായകമായി…
വിയന്ന: യൂറോപ്പ് മലയാളികള്‍ക്ക് പ്രത്യേകിച്ച് ഓസ്ട്രിയയിലെ മലയാളികള്‍ക്ക് എയര്‍ ഇന്ത്യയുടെ ഗംഭീര സമ്മാനം. വിയന്നയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിയന്ന-ന്യൂ ഡല്‍ഹി ഡ്രീംലൈനര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മലയാളികളുടെ ഡല്‍ഹിയിലെ കാത്തിരിപ്പ് സമയം പകുതിയായി കുറച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ പുതിയ കണക്ഷന്‍ ആരംഭിക്കുന്നത്.
ഏപ്രില്‍ 6നാണ് പുതിയ കണക്ഷന്‍ ഫ്‌ലൈറ്റ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും 2.05ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന ഈ വിമാനം വൈകിട്ട് 5.10ന് നെടുമ്പാശ്ശേരിയില്‍ എത്തും (AI 512/ DELCOK 1405 1710). ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വിയന്നയില്‍ നിന്നും രാത്രി 10.45ന് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് വിമാനം ന്യൂ ഡല്‍ഹിയില്‍ രാവിലെ 9.15നാണ് എത്തിച്ചേരുന്നത്. നിലവില്‍ മലയാളികള്‍ക്ക് അടുത്ത കണക്ഷന്‍ ഫ്‌ലൈറ്റ് അന്നേദിവസം വൈകിട്ട് 6.15നാണ് ലഭിക്കുന്നത്. അതേസമയം 2.05ന് പുതിയ വിമാനം ലഭിക്കുന്നതോടുകൂടി 9 മണിക്കൂര്‍ കാത്തിരിപ്പുസമയം പകുതിയായി കുറയും.
കഴിഞ്ഞവര്‍ഷം നവംബറില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച ആഗോളസമ്മേനത്തില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്ത പാര്‍ലമെന്റംഗം സുരേഷ്‌ഗോപിയോടും എയര്‍ ഇന്ത്യയുടെ വിയന്നയിലെ എയര്‍പോര്‍ട്ട് മാനേജര്‍ രാജശ്രീ സന്തോഷിനോടും ഡല്‍ഹിയിലെ കാത്തിരിപ്പുസമയത്തെകുറിച്ച് വിയന്ന മലയാളികള്‍ ധരിപ്പിക്കുകയും, വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയു.എം.എഫിന്റെ നേതൃത്വത്തില്‍ മലയാളികള്‍ ഒപ്പിട്ട നിവേദനം സുരേഷ്ഗോപി വഴിയായി എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
പുതിയ കണക്ഷന്‍ ഫ്‌ലൈറ്റ് വരുന്ന വിവരം സുരേഷ്ഗോപി തന്നെയാണ് ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിനെ വിളിച്ചു പങ്കുവച്ചത്. വിയന്ന മലയാളികള്‍ക്ക് ഈസ്റ്റര്‍ സമ്മാനമായാണ് പുതിയ കണക്ഷന്‍ ഫ്‌ലൈറ്റ് ലഭിച്ചതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ രാജശ്രീ പ്രതികരിച്ചു.