ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; അധികം താമസിയാതെ സമുദ്രം ഇവിടം വിഴുങ്ങും-വീഡിയോ
ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു. കെനിയയും സൊമാലിയയും ടാന്‍സാനിയയും എത്യോപ്യയും ജിബുട്ടിയും ഉള്‍പ്പെടുന്ന ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കുന്ന കിഴക്കു ഭാഗമാണ് ആഫ്രിക്കയില്‍ നിന്നും പിളര്‍ന്നു മാറുന്നത്. കര ഇങ്ങനെ പിളര്‍ന്നു മാറുന്നതിന് സാധാരണ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ വേണ്ടിവരുമെങ്കിലും എന്നാല്‍ ഇവിടെ നേരത്തെ കരുതിയതിലും വേഗത്തിലാണ് ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതെന്ന് ശാസ്ത്രലോകം വ്യക്തമാക്കി.
ആഫ്രിക്കയില്‍നിന്ന് കിഴക്കന്‍ ഭാഗം പിളര്‍ന്നുമാറുന്നതോടെ ഇരുഭാഗത്തെയും വേര്‍തിരിക്കുന്നത് സമുദ്രമായിരിക്കും. ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിങ്ങനെ രണ്ടുഭാഗങ്ങളായി മാറുന്നതോടെ ഇവയ്ക്കിടയില്‍ വലിയ വിടവ് രൂപപ്പെടും. ഇതോടെ കിഴക്കന്‍ ആഫ്രിക്ക ഉള്‍പ്പെടുന്ന സൊമാലി ഫലകം നബിയന്‍ ഫലകത്തില്‍നിന്ന് അകന്നുമാറും.
കെനിയയിലെ തിരക്കേറിയ മായ് മഹിയു പാതയില്‍ ഇതിനോടകം തന്നെ വലിയ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു. അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ട ഭ്രംശരേഖയാണ് പാതയില്‍ ഇത്തരത്തില്‍ വിള്ളലുണ്ടാകാന്‍ കാരണം. കെനിയ നാഷണല്‍ ഹൈവേസ് അതോറിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 700 മീറ്റര്‍ നീളത്തിലും 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഏഴ് വന്‍കരകളാണ് ഭൂമിയിലുള്ളത്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, അന്റാര്‍ട്ടിക്ക എന്നിവയാണ് ആ വന്‍കരകള്‍. ഇതില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡമാണ് രണ്ടായി പിളര്‍ന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു തുടങ്ങിയിട്ടുണ്ട്.