സച്ചിന്റെ കാല്‍തൊട്ട് കാംബ്ലി; ആ സൗഹൃദം അവസാനിക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സൗഹൃദങ്ങളിലൊന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വിനോദ് കാംബ്ലി സുഹൃദ്ബന്ധം. തമ്മിലുള്ളത്. ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 1988ല്‍ ഇരുവരും ചേര്‍ന്ന് 664 റണ്‍സിന്റെ ഐതിഹാസിക കൂട്ടുകെട്ട് ഉണ്ടാക്കുന്നതുമുതല്‍ തുടങ്ങിയ ചങ്ങാത്തം ലോക കായിക ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

എന്നാല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ സച്ചിന്‍ തിളങ്ങിയതുപോലെ കാംബ്‌ളിക്ക് അത്ര ശോഭിക്കാനായില്ല. പിന്നാലെ സച്ചിന്‍ തന്റെ മോശം സമയത്ത് സഹായിച്ചില്ല എന്ന കാംബ്ലിയുടെ പ്രസ്താവനവരെ ഇരുവരുടേയും സംഭവബഹുലമായ കൂട്ട്കെട്ടില്‍ കല്ലുകടിയായി. അതോടെ ഇരുവരുടെയും ചങ്ങാത്തം അവസാനിച്ചു എന്ന് പലരും കരുതി.

എന്നാലിപ്പോള്‍ ഇരുവരുടേയും ഊഷ്മള സൗഹൃദം കണ്ട് ക്രിക്കറ്റ്ലോകം കയ്യടിക്കുകയാണ്. മുംബൈയിലെ ടി-20 ലീഗിലാണ് സംഭവം. കാംബ്ലി പരിശീലകനായ ശിവാജി പാര്‍ക് ലയണ്‍സ് 3 റണ്‍സിന് ട്രിമ്പ് നൈററ് മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. മത്സരശേഷമുള്ള അവാര്‍ഡ് സെര്‍മണിയില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം വേദിയിലുണ്ടായിരുന്ന സച്ചിനരികില്‍ചെന്ന് കാലുതൊട്ടു തൊഴുകയായിരുന്നു കാംബ്ലി. ഈ വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കാലില്‍വീഴാനൊരുങ്ങിയ കാമ്പിളിയെ സച്ചിന്‍ എണീപ്പിക്കുകയും ആശ്ലേഷിക്കുകയുമായിരുന്നു. ഏറെ നാളായി ഇരുവരും തമ്മിലുള്ള പിണക്കത്തിന് ശേഷം പരിശീലകനായി ക്രിക്കറ്റിലേക്കുള്ള രണ്ടാം തിരിച്ചുവരവിന് കാരണമായത് സച്ചിനാണെന്ന് കാംബ്ലി പറഞ്ഞിരുന്നതും ഏറെ വാര്‍ത്തപ്രാധാന്യം നേടിയിരുന്നു.