കീഴാറ്റൂരില്‍ സിപിഎമ്മിന്റെ നാട് കാവല്‍ സമരം ഇന്ന്; ‘കേരളം കീഴാറ്റൂരിലേക്ക്’ ബദല്‍ സമരവുമായി വയല്‍ക്കിളികളും
കണ്ണൂര്‍: ബൈപ്പാസ് നിര്‍മ്മാണത്തിനായി ഭൂമി വിട്ടു നല്‍കാതെ ‘കീഴാറ്റൂരിനെ സംഘര്‍ഷമേഖലയാക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നതിനെതിരേ’ സി.പി.എമ്മിന്റെ കാവല്‍സമരം ഇന്ന്. ഇതിനായി കീഴാറ്റൂര്‍ ജനകീയസംരക്ഷണ സമിതിക്ക് രൂപം നല്‍കും.
വൈകീട്ട് കീഴാറ്റൂരില്‍ ചേരുന്ന യോഗത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ സമിതി രൂപവത്കരണപ്രഖ്യാപനം നടത്തും. തുടര്‍ന്ന് നാട്ടുകാരെ അണിനിരത്തി തളിപ്പറമ്പിലേക്ക് പ്രകടനം നടത്തും.
ദേശീയപാതാ ബൈപ്പാസിനായി അടയാളപ്പെടുത്തിയ സി.പി.എം. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സ്ഥലത്ത് ‘വികസനാവശ്യത്തിന് ഭൂമി വിട്ടുതരും’ എന്ന ബോര്‍ഡ് സ്ഥാപിക്കും. അതേസമയം, വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കാതെ സമരം നടത്തുന്ന ‘വയല്‍ക്കിളികളെ’ പിന്തുണച്ച് ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. വരുന്നവര്‍ സ്ഥലമുടമകളുടെ സമ്മതം പ്രഖ്യാപിക്കുന്ന ബോര്‍ഡുകളാണ് കാണേണ്ടതെന്നാണ് സി.പി.എം. നിര്‍ദേശം.
കീഴാറ്റൂരിനെ അക്രമത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനും ഇത് നന്ദിഗ്രാമാക്കുമെന്ന് പ്രചരിപ്പിക്കുന്നതിനുമെതിരേയാണ് ജനകീയ സംരക്ഷണസമിതി പ്രഖ്യാപനമെന്നാണ് സി.പി.എം. വിശദീകരണം. പ്രകടനം തളിപ്പറമ്പിലെത്തുമ്പോള്‍ ഐക്യദാര്‍ഢ്യവുമായെത്താന്‍ തളിപ്പറമ്പ് ഏരിയയിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തളിപ്പറമ്പിലെ റാലിയില്‍ പി.കെ. ശ്രീമതി എം.പി., എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍, എം.എല്‍.എ.മാരായ ജയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവര്‍ പ്രസംഗിക്കും.