സഭയുടെ ഭൂമിയിടപാടില്‍ സമവായം ഉണ്ടാക്കാന്‍ പരിശ്രമം: മെത്രാന്മാരുടെ സംയുക്ത പ്രസ്താവന പുറത്ത്
സീറോ മലബാര്‍ സഭയിലെ ഭൂമിവിവാദവുമായി ബന്ധപ്പെട്ട് എറണാകുളം – അങ്കമാലി വൈദിക സമിതിയും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരുമായി സമവായം രൂപെടുത്താന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയ വൈദീകരില്‍ നിന്നും ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിവച്ചതിനുശേഷമാണ് വൈദികരെ സമ്മേളനഹാളില്‍ പ്രവേശിപ്പിച്ചത്.
മാധ്യമങ്ങളെ പരിസരത്തു പോലും അടുപ്പിച്ചില്ല എന്നാണു വിവരം. ഭൂമിയിടപാടുകള്‍ ചര്‍ച്ച ചെയ്തെങ്കിലും എന്തെങ്കിലും തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേസമയം മെത്രാന്മാര്‍ സംയുക്തമായി ഒപ്പിട്ടു നല്‍കിയ പ്രസ്താവന പുറത്ത് വന്നിട്ടുണ്ട്.
വൈദികസമിതി യോഗത്തിനു ശേഷം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും ഒപ്പിട്ടു പ്രസിദ്ധീകരണത്തിനു നല്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം:
24-03-2018 ലെ എറണാകുളം – അങ്കമാലി വൈദിക സമിതി യോഗം അതിരൂപതയുടെ ഭൂമിവിവാദവുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരത്തിന് ഉള്ള തുടക്കമായെന്നതില്‍ ഏറെ സന്തോഷമുണ്ട്. തുടര്‍ ചര്‍ച്ചകളിലൂടെയും നടപടികളിലൂടെയും ഈ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടും.
സോഷ്യല്‍ മീഡിയയിലൂടെയും ടിവി ചാനലുകളിലൂടെയും തെറ്റായ വിവരങ്ങള്‍ നല്കി ഈ പ്രശ്‌നം ആളിക്കത്തിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നു:
1. അതിരൂപതയിലെ പിതാക്കന്മാരെയും വൈദികരെയും വിശ്വാസസമൂഹത്തെയും അധിക്ഷേപിച്ചുകൊണ്ട് ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ തെറ്റായ പ്രചരണങ്ങളോട് പൂര്‍ണമായും വിയോജിക്കുന്നു.
2. മെത്രാപ്പോലീത്തയ്ക്കു വേണ്ടിയോ സഭയ്ക്കുവേണ്ടിയോ സംസാരിക്കാന്‍ ആരെയും ചാനലുകളിലോ മറ്റു മാധ്യമങ്ങളിലോ നിയോഗിച്ചിട്ടില്ല. ആവശ്യമുള്ള സമയങ്ങളില്‍ നിര്‍ദേശപ്രകാരം ഔദ്യോഗിക വക്താക്കള്‍ സംസാരിക്കുന്നതാണ്.
3. ഈ പ്രശ്‌നത്തിന് സീറോ മലബാര്‍ സഭയിലെ ആരാധനക്രമ വിവാദവുമായി യാതൊരു ബന്ധവുമില്ല.
എറണാകുളം അതിരൂപതയിലെ വൈദികരും സന്യസ്തരും അത്മായരും സംഘാതമായി സഭയിലെ പ്രശ്‌നങ്ങള്‍ ക്രിസ്തീയ ചൈതന്യത്തില്‍ പരിഹരിച്ചിട്ടുള്ള പാരന്പര്യത്തിന്റെ വെളിച്ചത്തില്‍ ഈ പ്രശ്‌നത്തെയും മറികടന്ന് മുന്നോട്ടു പോകാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം നന്ദി.
അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന വൈദികസമിതി യോഗത്തിനിടയില്‍ സംഘര്‍ഷം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയ്ക്കിടെ കര്‍ദ്ദിനാള്‍ ഇറങ്ങിപോയതായും റിപ്പോര്‍ട്ടുണ്ട്.
ആര്‍ച്ച് ഡയോയിസ് മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി അംഗങ്ങളെ ചര്‍ച്ചക്കായി വൈദികസമിതി യോഗത്തിനിടയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം കടന്നുകൂടിയ കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധിയെ ചര്‍ച്ചയില്‍ നിന്ന് പുറാത്താക്കി. ഇത് യോഗത്തിനിടയില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ചര്‍ച്ചയില്‍ അനധികൃതമായി കടന്നുകൂടാന്‍ ശ്രമിച്ചയാളെ പോലീസില്‍ ഏല്‍പ്പിച്ചു.
48 വൈദികരാണ് വൈദികസമിതിയില്‍ പങ്കെടുക്കാനായി എത്തിയത്. കര്‍ദ്ദിനാള്‍ എത്തിയത് പിന്‍വാതിലിലൂടെയെന്നും ആക്ഷേപമുണ്ട്. വൈദികര്‍ മുന്‍ വാതിലിലൂടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയെങ്കിലും കര്‍ദ്ദിനാള്‍ പിന്‍വാതിലിലൂടെയാണ് ബിഷപ്പ് ഹൗസിലേക്ക് എത്തിയത്.
കര്‍ദ്ദിനാളിനെ തടയാനായി ആര്‍ച്ച് ഡയോയിസ് മൂമെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി എന്ന സംഘടന പുറത്ത് കാത്തു നിന്നെങ്കിലും കര്‍ദ്ദിനാള്‍ എത്തിയില്ല. കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യുക, പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനയുടെ പ്രതിഷേധം.
കര്‍ദ്ദിനാളും രൂപതയിലെ വൈദികരും കൂടിയാലോചിച്ച് ഒരു സമവായത്തിലെത്തിയേക്കാമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും അത് നടക്കില്ലെന്ന് ആര്‍ച്ച് ഡയോയിസ് മൂമെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി സംഘടന പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.