കശ്മീരില്‍ സൈനികര്‍ക്ക് നേരെ ആക്രമണം; രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഡൂരുവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്.
അനന്ത്‌നാഗ് പൊലീസും 19 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് പൊലീസ് വക്താവ് അറിയിച്ചു. ഭീകരരില്‍നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുമടക്കമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുപ്വാരയില്‍ അഞ്ചു സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും കൊല്ലപ്പെട്ട ആക്രമണത്തിനു രണ്ടു ദിവസത്തിനുശേഷം നടക്കുന്ന ഏറ്റുമുട്ടലാണിത്.