വിവാദമായി ആര്യയുടെ വിവാഹം ; പരിപാടി നിര്‍ത്തലാക്കാന്‍ ശക്തമായ ആവശ്യവുമായി സംഘടനകള്‍

ചെന്നൈ : സിനിമാ താരം ആര്യക്ക് വിവാഹംകഴിക്കാന്‍ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ വിവാദത്തില്‍. നേരത്തെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പരിപാടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മധുര ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോടതി സെന്‍സര്‍ ബോര്‍ഡിനും സര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനുമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

പരിപാടി പിന്‍വലിക്കുന്നത് കൂടാതെ ആര്യയ്ക്കും അവതാരകയായ സംഗീതയ്ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പരാിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാനകിയമ്മാളിന്റെ നേതൃത്തിലുള്ളവരാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ത്തന്നെ രൂക്ഷവിമര്‍ശനവും എതിര്‍പ്പും നേരിടേണ്ടി വന്നിരുന്നു. പരിപാടിയുടെ ലക്ഷ്യത്തെക്കുറിച്ചാണ് പലരും സംശയമുയര്‍ത്തിയത്. ഒരാലുടെ വിവാഹം നടത്താനായി ഇത്തരത്തില്‍ റിയാലിറ്റി ഷോ നടത്തുന്നതിനോട് പ്രേക്ഷകര്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരു താല്‍പര്യവുമില്ല എന്നാണു ഹര്‍ജിക്കാര്‍ പറയുന്നത്.

ഇനിയുള്ള ജീവിതത്തില്‍ തനിക്കൊരു പങ്കാളി ആവശ്യമാണെന്നും അതിന് വേണ്ടി താന്‍ ഒരു റിയാലിറ്റി ഷോ നടത്തുന്നുണ്ടെന്നും ആര്യ ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം വൈറലായത്. ആരാധികമാരായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അപേക്ഷയും നല്‍കി. ഒരു ലക്ഷത്തോളം പേരാണ് ഇതുമായി ബന്ധപ്പെട്ട് താരത്തെ വിളിച്ചത്. ഏഴായിരത്തോളം അപേക്ഷകളും ലഭിച്ചിരുന്നു.

തമിഴിലും മലയാളത്തിലുമായി പ്രക്ഷേപണം ചെയ്യുന്ന പരിപാടിയില്‍ 16 പേരാണ് പങ്കെടുക്കാനെത്തിയത്. എലിമിനേഷനിലൂടെ ചില മത്സാര്‍ത്ഥികള്‍ പിന്‍വാങ്ങിയിരുന്നു. പരിപാടിയുടെ ഭാഗമായി മത്സരാര്‍ത്ഥികളുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആര്യയ്ക്ക് രൂക്ഷമായ വിമര്‍ശനവും എതിര്‍പ്പുമായിരുന്നു ലഭിച്ചത്. പരിപാടി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.