ഒരാഴ്ച്ച കൊണ്ട് ഫേസ്ബുക്ക് മുതലാളിക്ക് നഷ്ടം 67,000 കോടി രൂപ

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്ത‍ പുറത്തു വന്നതിനെ തുടര്‍ന്ന്‍ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഇടിഞ്ഞു. ഇതോടെ, അതിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളര്‍ (67,000 കോടി രൂപ) യുടെ നഷ്ടം ഉണ്ടായി. കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 14 ശതമാനമാണ് കൂപ്പുകുത്തിയത്. ഇതാണ് സക്കര്‍ബര്‍ഗിന്റെ ആസ്തിമൂല്യം ഇടിയാന്‍ കാരണം.

ഫെയ്‌സ്ബുക്കില്‍ 17 ശതമാനം ഓഹരി പങ്കാളിത്തമാണ് 33-കാരനായ സക്കര്‍ബര്‍ഗിന് നിലവിലുള്ളത്. തട്ടിപ്പ് പുറത്തുവന്നതോടെ ഇദ്ദേഹം സമ്പന്നപ്പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കന്‍ ഇലക്ഷന്‍ സമയം നിലവിലെ പ്രസിഡന്റ് ട്രംപിനു വേണ്ടിയാണ് കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി അഞ്ചുകോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയത്.