ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് കാറില്‍ വരുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ഷമി സഞ്ചരിച്ച കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഷമിയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചു. തലയ്ക്കും നെറ്റിയ്ക്കുമാണ് പരിക്കേറ്റത്. മുറിവില്‍ സ്റ്റിച്ച് ഇട്ട ശേഷം താരം ആസ്പത്രിയില്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. 27 കാരനായ ഷമി അഭിമന്യൂ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് പരീശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.

പരിക്കുകള്‍ നിസാരമാണെന്നും ഷമി സുഖം പ്രാപിച്ച് വരികയാണെന്നും ആസ്പത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു ദിവസത്തെ വിശ്രമം മാത്രമാണ് ഷമിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും നാളയോടെ ആസ്പത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം തന്നെയാണ് ഇപ്പോള്‍ അപകടവും ഉണ്ടായിരിക്കുന്നത്.