ആപ്പുകള്‍ എല്ലാം ശരിക്കും ആപ്പുകള്‍ തന്നെയാണ് ; സത്യത്തില്‍ ഒരു ആപ്പും ഇക്കാലത്ത് സുരക്ഷിതമല്ല
നമോ ആപ്പും എഐസിസിയുടെ ആപ്പും ഒക്കെ മനുഷ്യന് ആപ്പായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സത്യം പറഞ്ഞാല്‍ പല ആപ്പുകളും സുരക്ഷിതമല്ല എന്നതാണ് സത്യം. നിലവില്‍ നാം പ്ലേ സ്റ്റോറില്‍ കയറി ഏതു ആപ്പ് ഡൌണ്‍ലോഡ് ചെയ്താലും നമ്മുടെ ഫോണിലെ കോണ്ടാക്ട്‌സ് പോലുള്ളവ ഉപയോഗിക്കാന്‍ അവര്‍ക്ക് അനുവാദം കൊടുത്താലെ അവ നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആവുകയുള്ളു. അതുകൊണ്ട് തന്നെ നാം പോലും അറിയാതെ നമ്മുടെ വിവരങ്ങള്‍ ലോകത്തുള്ള ആര്‍ക്കും അടിച്ചെടുക്കാം എന്നതാണ് സത്യം. വിപണിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള ഗെയിം ആപ്പുകള്‍ എല്ലാംതന്നെ ചൈനീസ് നിര്‍മ്മിതമാണ് അതുകൊണ്ടുതന്നെ ഇതിനു പിന്നിലുള്ള ഭീഷണിയും ചെറുതല്ല. നമോ ആപ്പും കോണ്ഗ്രസ് ആപ്പും പോലെ തന്നെ നമ്മുടെ സംസ്ഥാനത്ത് ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ആപ്പുകള്‍ ഉണ്ട്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സിപിഐഎം കേരള എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ നമ്മുടെ ഫോണിലെ ഏഴ് ഡാറ്റകള്‍ അവര്‍ക്ക് പരിശോധിക്കുവാനുള്ള അനുമതി നല്‍കണം. കോണ്‍ടാക്ട് ലിസ്റ്റിലെ വിവരങ്ങള്‍, ലൊക്കേഷന്‍, എസ്എംഎസ്, ഫോണ്‍ കോളുകള്‍, ഫോട്ടോസ് / മീഡിയ ഫയലുകള്‍, വൈ ഫൈ കണക്ഷന്‍ വിവരങ്ങള്‍, ഫോണിലെ മറ്റ് വിവരങ്ങള്‍ ഇവയൊക്കെ പരിശോധിക്കാനുള്ള അവകാശമാണ് നല്‍കേണ്ടത്. അതുപോലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബിജെപി കേരള എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ നമ്മുടെ ഫോണിലെ മൂന്ന് ഡാറ്റകള്‍ അവര്‍ക്ക് പരിശോധിക്കാനുള്ള അനുമതി നല്‍കണം. ഐഡന്റിറ്റി, ലൊക്കേഷന്‍, ഫോട്ടോസ് / മീഡിയ ഫയലുകള്‍ എന്നിവ പരിശോധിക്കാനുള്ള അനുമതി നല്‍കണം.
എന്തിനേറെ യുവാക്കളും തൊഴില്‍ രഹിതരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കേരള പിസിസി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ നമ്മുടെ ഫോണിലെ അഞ്ച് ഡാറ്റകള്‍ അവര്‍ക്ക് പരിശോധിക്കാനുള്ള അനുമതി നല്‍കണം. ഐഡന്റിറ്റി, ലൊക്കേഷന്‍, ഫോണ്‍ കോളുകള്‍, ഫോട്ടോസ് / മീഡിയ ഫയലുകള്‍, ഫോണിലെ മറ്റ് വിവരങ്ങള്‍ ഇവയൊക്കെ പരിശോധിക്കാനുള്ള അവകാശമാണ് നല്‍കേണ്ടത്. അവസാനമായി ഈ ഡാറ്റ ഒക്കെ ആപ്പ് ഉണ്ടാക്കിയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നുണ്ടോ ? അതോ ആപ്പുകള്‍ വികസിപ്പിച്ച് എടുത്ത വ്യക്തികളും സ്ഥാപനങ്ങളും അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നൊന്നും അറിയാന്‍ യാതൊരുവിധ വഴിയും ഇല്ല. പക്ഷേ ഇതിന്റെ ഒക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഡാറ്റ വിളവെടുപ്പ് നടത്താം. സ്നൂപ്പിംഗിനും പറ്റിയ ഒരു ടൂള്‍ ആയി ഈ ആപ്പുകള്‍ മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുവാന്‍ കഴിയുക.