നന്ദിഗ്രാം കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി; സമരം സംസ്ഥാന വ്യാപകമാക്കാനൊരുങ്ങി വയല്‍ക്കിളികള്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമരരീതിയില്‍ മാറ്റം വരുത്താനൊരുങ്ങി വയല്‍ക്കിളികള്‍. എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രം വയല്‍ വഴി മേല്‍പാലം നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നതാന് തങ്ങളുടെ നിലപാടെന്ന് വയല്‍ക്കിളികള്‍ സമര കൂട്ടായ്മ പറയുന്നു. അതേസമയം സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി അറിയിച്ചു.

കേരളത്തെ കീഴാറ്റൂരിലെത്തിച്ച വയല്‍ക്കിളികള്‍ സമരം സംസ്ഥാന വ്യാപമാക്കാനുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വയലില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്നതിനു പകരം പൊതുജനങ്ങളിലേക്കു സമരം എത്തിക്കും. നിലനില്‍പ്പിന്റെ സമരമായതിനാല്‍ ആരുടെയും പിന്തുണ സ്വീകരിക്കും. അതേസമയം, വയല്‍ക്കിളികള്‍ക്കു പ്രചോദനം നല്‍കാന്‍ നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്നു ബിജെപി വ്യക്തമാക്കി. സമരത്തിനു കൂടുതല്‍ ജനകീയ ശ്രദ്ധ നേടാനായി മഹാരാഷ്ട്ര മാതൃകയില്‍ ലോങ് മാര്‍ച്ച് നടത്തുന്ന കാര്യവും വയല്‍ക്കിളികളുടെ ആലോചനയിലുണ്ട്.

അതേസമയം, കീഴാറ്റൂര്‍ സമരം മാധ്യമസൃഷ്ടിയാണെന്നു മന്ത്രി എം.എം.മണി പറഞ്ഞു. രണ്ടോ നാലോ പേര്‍ക്കു വേണ്ടി മാത്രമുള്ളതാണു വയല്‍ക്കിളികളുടെ സമരം. സമരക്കാരെ ഇളക്കിവിടുന്നത് മാധ്യമങ്ങളാണെന്നും എം.എം.മണി കോതമംഗലത്തു പറഞ്ഞു.