ഡോക് ലാമില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണം എന്ന് ചൈന

ഡോക് ലാം വിഷയത്തില്‍ ഇന്ത്യ പാഠം പഠിക്കണം എന്ന് ചൈന. നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ചൈന ശ്രമിച്ചതാണ് ഡോക്ലാം സംഘര്‍ഷത്തിന് കാരണമെന്ന ഇന്ത്യയുടെ ചൈനീസ് സ്ഥാനപതിയുടെ പ്രസ്താവനയ്ക്ക് മറുപടിയാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് രംഗത്തുവന്നത്. ഡോക്ലാം തങ്ങളുടേതാണെന്നും ചരിത്രപരമായ ബന്ധമാണ് ചൈനയ്ക്ക് ആ പ്രദേശവുമായുള്ളതെന്നും ഹുവാ ചുനിയിങ് പറയുന്നു.

നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയല്ല ചെയ്തതെന്നും സ്വന്തം സ്ഥലത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് പത്രമായ സൗത്ത് ചൈനാ മോണിങ് പോസ്റ്റിന് ഇന്ത്യന്‍ സ്ഥാനപത് ഗൗതം ബംബാവ്‌ലെ അഭിമുഖം നല്‍കിയത്. ഇന്ത്യാ- ചൈനാ അതിര്‍ത്തിയില്‍ എവിടെയും നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിച്ചാല്‍ ദോക്ലാം ആവര്‍ത്തിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനാണ് ഇപ്പോള്‍ ചൈന മറുപടി നല്‍കിയിരിക്കുന്നത്.