പെട്രോള്‍ പമ്പില്‍ വെച്ച് തീ പിടിച്ച പെട്രോള്‍ ടാങ്കറിനെ ജീവന്‍ പണയം വെച്ച് പുറത്തെത്തിച്ച ഒരു ഡ്രൈവര്‍ (വീഡിയോ)

ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം. മധ്യപ്രദേശിലെ നരസിംഹപുരില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. പമ്പില്‍ ഇന്ധനം നിറച്ച് കഴിഞ്ഞ ശേഷമാണ് ട്രക്കിന് തീപിടിക്കുന്നത്. ട്രക്കിലെ ഇന്ധനം ഒഴിഞ്ഞിരുന്നെങ്കിലും തീ ആളിപ്പിടിച്ചു. ഈ സമയം പമ്പില്‍ ബൈക്കുകളും മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. വന്‍ അപകട സാധ്യത തിരിച്ചറിഞ്ഞ ഡ്രൈവര്‍ സാജിദ് അതിസാഹസികമായി ട്രക്ക് പെട്രോള്‍ പമ്പില്‍ നിന്ന അകലെയുള്ള മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

തീയാളിക്കത്തുന്ന ട്രക്ക് ഓടിക്കുന്നതിനിടെ ഇയാള്‍ക്ക് പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. ഗുരുതര പൊള്ളലുകളേറ്റില്ലെങ്കിലും സാജിദിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ആദ്യം ട്രക്കില്‍ നിന്ന് ചാടി ഓടി രക്ഷപ്പെടണമെന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. അപ്പോഴാണ് പമ്പില്‍ വാഹനങ്ങളും ആളുകളും ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തെ മറ്റൊരിടത്തേക്ക് മാറ്റാന്‍ മാത്രമായി ശ്രദ്ധ എന്നും സാജിത് പറയുന്നു.