പന്തില്‍ കൃത്രിമം നടത്തിയതിന് സ്മിത്തിനും വാര്‍ണറിനും ആജീവനാന്ത വിലക്ക് ലഭിച്ചേക്കും
കേപ്ടൗണ്‍ (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്ക-ഓസിസ് ടെസ്റ്റ് മല്‍സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടാന്‍ കൂട്ടുനിന്ന ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റ് മത്സരത്തിലെ സസ്‌പെന്‍ഷനും മാര്‍ച്ച് ഫീയുടെ 100 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.
എന്നാല്‍ സ്മിത്തിന്റെത് ഗുരുതര ചട്ട ലംഘനമായതിനാല്‍ സ്മിത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണു വിലയിരുത്തല്‍. പെരുമാറ്റച്ചട്ടങ്ങളിലെ ഗുരുതര ലംഘനങ്ങള്‍ക്ക് ആജീവനാന്ത വിലക്കാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നിയമത്തിലുള്ളത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനും ക്രിക്കറ്റ് ഭരണസമിതിക്കും സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന അഭിപ്രായമാണ്. അതിനാല്‍തന്നെ അസോസിയേഷന്റെ അന്വേഷണത്തിനു ശേഷം ഇരുതാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്നാണു വിലയിരുത്തല്‍.
താരങ്ങളില്‍നിന്നും പരിശീലകനില്‍നിന്നും വിവരങ്ങള്‍ തേടുന്നതിനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ഇയാന്‍ റോയിയും ടീം പെര്‍ഫോമന്‍സ് മാനേജര്‍ പാറ്റ് ഹോവാര്‍ഡും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം ക്രിക്കറ്റ് ബോര്‍ഡിന്റെ ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്ന് ഇയാന്‍ റോയി ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
മല്‍സരശേഷം ബാന്‍ക്രോഫ്റ്റുമൊന്നിച്ചു പത്രസമ്മേളനത്തിനെത്തിയ സ്മിത്ത് തെറ്റു സംഭവിച്ചുവെന്നും മല്‍സരം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ നടത്തിയ ‘അറ്റകൈ’ പ്രയോഗമായിരുന്നു അതെന്നും തുറന്നു സമ്മതിച്ചിരുന്നു.