പന്തില്‍ കൃത്രിമം ; സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു
പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തില്‍ ഐസിസി വിലക്കേര്‍പ്പെടുത്തിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. സ്മിത്തിന് പകരമായി ഇനി അജിങ്ക്യാ രഹനെയാകും റോയല്‍സിനെ നയിക്കുക. പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദം പുറത്തായതോടെ കഴിഞ്ഞ ദിവസം സ്മിത്ത് ഓസീസ് ക്യാപ്റ്റന്‍ സ്ഥാനവും ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗുരുതരമായ അച്ചടക്ക ലംഘനത്തിന് സ്മിത്തിന് ഒരു ടെസ്റ്റില്‍ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഐസിസി ചുമത്തിയിരുന്നു.
ഐസിസി അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.2.1 പ്രകാരമായിരുന്നു ശിക്ഷ. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിന്റെ ഉത്തരവാദിയായ സ്മിത്തിനെ പുറത്താക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഒത്തുകളി വിവാദത്തില്‍പ്പെട്ട് രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്.