കര്‍ണ്ണാടക തിരഞ്ഞെടുപ്പ് മേയ് 12 നു ; രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്

മേയ് 12നു കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17ന് പുറപ്പെടുവിക്കും. പെരുമാറ്റച്ചട്ടം നിലവില്‍വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓംപ്രകാശ് റാവത്ത് ഡല്‍ഹിയില്‍ പറഞ്ഞു. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണ കാലത്ത് ഹരിത ചട്ടം നടപ്പാക്കുമെന്നും ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 4.96 കോടി വോട്ടര്‍മാരാണ് കര്‍ണാടകത്തില്‍ ആകെയുള്ളത്. കര്‍ണാടകത്തില്‍ ഒരു സ്ഥാനര്‍ഥിക്ക് ചിലവാക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്.

അതേസമയം കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നായ കര്‍ണാടകത്തില്‍ കാവിക്കൊടി പാറിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിവരുന്നത്. കര്‍ണാടകത്തിന് പുറമേ പഞ്ചാബ്, കര്‍ണാടക, മിസോറാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് അധികാരത്തിരിലിരിക്കുന്നത്. അവശേഷിക്കുന്ന 21 സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും ബിജെപിയ്ക്ക് വേണ്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായും നേരിട്ടെത്തിയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

2013ല്‍ 44 സീറ്റുകള്‍ക്കെതിരെ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരമുറപ്പിച്ചത്. കോണ്‍ഗ്രസിനും ബിജെപിയ്ക്കും പുറമേ ദേവെ ഗൗഡയുടെ ജെഡിഎസ്, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ശരദ് പവാറിന്റെ എന്‍സിപിയും മായാവതിയുടെ ബിഎസ്പിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ജെഡിഎസ്, എന്‍സിപി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.