നിയമസഭാ സമ്മേളനത്തിന് എം എല്‍ എമാര്‍ ഇനി പറന്നു വരും ; അതും സര്‍ക്കാര്‍ ചിലവില്‍

ശമ്പള വര്‍ധനവിന് പിന്നാലെ എം എല്‍ എമാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി സര്‍ക്കാര്‍. ഇനിമുതല്‍ നിയമസഭാ സമ്മേളനത്തിന് പങ്കെടുക്കാന്‍ സ്വന്തം മണ്ഡലത്തില്‍ നിന്ന് എംഎല്‍എമാര്‍ക്ക് തിരുവനന്തപുരത്ത് വിമാനത്തിലെത്താം. ഇതിനുള്ള വിമാനക്കൂലി സര്‍ക്കാര്‍ നല്‍കും. നിയമസഭാ സമ്മേളനത്തിനെത്തുന്നതിന് പ്രതിവര്‍ഷം 50,000 രൂപയാണ് വിമാനക്കൂലിയായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വിമാനയാത്രാ ആനുകൂല്യം അനുവദിച്ചുകൊണ്ടുള്ള നിര്‍ദേശം സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതിയോടെയാണ് നിയസഭ അംഗീകരിച്ചത്. നിലവില്‍ നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് മാത്രമായിരുന്നു വിമാനയാത്രക്ക് പണം അനുവദിക്കുമായിരുന്നത്.

നേരത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള ബില്ലും ഇന്ന് നിയമസഭ പാസാക്കി. 39,500 രൂപയില്‍നിന്ന് എഴുപതിനായിരം രൂപയായാണ് എംഎല്‍എമാരുടെ ശമ്പളം വര്‍ധിക്കുന്നത്. കൂടാതെ മണ്ഡലം അലവന്‍സായി 25000 രൂപയും ലഭിക്കും. കുറഞ്ഞത് ഇരുപതിനായിരം രൂപ ബാറ്റയും മാസാമാസം എഴുതിയെടുക്കാം. ഇതോടൊപ്പം മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55000ല്‍ നിന്ന് 90367 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.ടെലിഫോണ്‍ അനൂകൂല്യം 7500 ല്‍ നിന്ന് പതിനൊന്നായിരമായും ഓഫീസ് അലവന്‍സ് മൂവായിരത്തില്‍ നിന്ന് എണ്ണായിരമായും ഉയര്‍ത്തി.