സുനില്‍ പി ഇളയിടം സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി

സൂറിച്ച്: മത നിരപേക്ഷത ഇന്ന് ഇന്നലെ നാളെ, എന്ന വിഷയത്തെ അധികരിച്ച് ഡോ.സുനില്‍ പി ഇളയിടം സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. സ്വിറ്റ്സര്‍ലാന്‍ഡിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ സ്വിസ്സ് ചങ്ങാതിക്കൂട്ടം ഒരുക്കിയ വേദിയില്‍ വേറിട്ട പ്രഭാഷണശൈലിയിലൂടെ ഇളയിടം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. കേരളചരിത്രവും സാമൂഹ്യ പശ്ചാത്തലവും കോര്‍ത്തിണക്കി പ്രേക്ഷകരെ വര്‍ത്തമാനകാലത്തെ ച്യുതികളിലൂടെ, നാളെയുടെ വ്യാകുലത പങ്കു വച്ച പ്രഭാഷണം, രണ്ടര മണിക്കൂര്‍ നീണ്ടു നിന്നു.

തുടര്‍ന്ന് ചര്‍ച്ചയും നടന്നു. ശ്രോതാക്കളുടെ വിവിധ സംശയങ്ങള്‍ക്ക് ഡോ.സുനില്‍ പി ഇളയിടം തന്റെ അറിവും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വച്ചു. കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും ആയിരുന്നിട്ടും സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന നൂറ്റിഇരുപതോളം പേര്‍ പ്രഭാഷണം ശ്രദ്ധിക്കുകയും അതിനോടനുബന്ധിച്ചു നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.

ടോം കുളങ്ങര ആമുഖപ്രസംഗവും ജോജോ വിച്ചാട്ട് നന്ദിയും പറഞ്ഞു. സുരാജ് കൊച്ചേരില്‍ ഒരുക്കിയ (കേരള റെസ്റ്റോരന്റ്) നല്‍കിയ പാഥേയം (പൊതിച്ചോറ്) ഗൃഹാതുരത്വമേകിയ വിഭവമായിരുന്നു. സമയനിഷ്ഠയിലും സംഘാടനത്തിലും മികവുപുലര്‍ത്തിയ പ്രോഗ്രാം പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസക്ക് പാത്രമായി.