മനസാക്ഷി ഇല്ലാതെ മലയാളികള്‍ ; വാഹനം തട്ടി റോഡില്‍ കിടന്ന വീട്ടമ്മയെ തിരിഞ്ഞു നോക്കാതെ നാട്ടുകാര്‍ ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം കടയ്ക്കാവൂരിലാണ് മനസാക്ഷി മരവിച്ച മലയാളികളെ കാണുവാന്‍ കഴിയുന്നത്. അമിതവേഗതയിലെത്തിയ ബൈക്കിടിപ്പിച്ച് തെറിപ്പിച്ച വീട്ടമ്മയാണ് ആരും സഹായിക്കാന്‍ ഇല്ലാതെ ഏറെ സമയം വഴിയില്‍ കിടന്നത്. അപകടം നടന്ന ഉടന്‍ ധാരാളം വാഹനങ്ങള്‍ അതുവഴി കടന്നു പോയി എങ്കിലും ആരും തന്നെ വാഹനം നിര്‍ത്തുകയോ വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അഞ്ചുതെങ്ങ് സ്വദേശിനിയും മത്സ്യതൊഴിലാളിയുമായ ഫിലോമിനയാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം കടയ്ക്കാവൂരില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മത്സ്യവില്‍പ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സത്രീയെ അമിതവേഗതയില്‍ എത്തില് ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണുപോയ ഇവരെ തിരിഞ്ഞു നോക്കാതെ ബൈക്ക് ഓടിച്ചു പോയി. ഇതിനിടെ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നു പോയെങ്കിലും ആരും റോഡില്‍ കിടക്കുന്ന സ്ത്രീയ്ക്ക് എന്തു പറ്റിയെന്നറിയാന്‍ പോലും വാഹനം നിര്‍ത്തിയില്ല. അവസാനം ചിറയിന്‍കീഴ് പൊലീസില്‍ നാട്ടുകാരിലാരോ വിവരമറിയിച്ച് അവര്‍ സ്ഥലത്തെത്തും മുമ്പ് നാട്ടുകാരില്‍ ചിലര്‍ ഇവരെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫിലോമിന നിലവില്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.