ചോദ്യ പേപ്പര്‍ ചോര്‍ന്നു ; സി ബി എസ് സി പരീക്ഷകള്‍ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. 10, പ്ലസ് ടു ക്ലാസുകളിലെ ഓരോ പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. 10-ാം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പുതുക്കിയ പരീക്ഷാ തീയതി സിബിഎസ്ഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഇന്നായിരുന്നു പത്താം ക്ലാസിലെ കണക്ക് പരീക്ഷ നടന്നത്. പ്ലസ് ടുവിലെ എക്കണോമിക്സ് പരീക്ഷ മാര്‍ച്ച് 27 നാണ് നടന്നത്. കഴിഞ്ഞ ദിവസം നടന്ന പന്ത്രണ്ടാം ക്ലാസ് എക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത സിബിഎസ്ഇ അധികൃതര്‍ നിഷേധിച്ചിരുന്നു.