ഭൂതബാധയകറ്റാന്‍ കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്റര്‍ക്ക് 99 വര്‍ഷം തടവ്
പി.പി. ചെറിയാന്‍
മസ്‌കീറ്റ് (ഡാളസ്): ഭൂതബാധയകറ്റാന്‍ രണ്ടു വയസ്സുകാരനെ മൂന്നാഴ്ച പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ പാസ്റ്റര്‍ അരസെല്ലി മേസയെ (52) 99 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കും, 10,000 ഡോളര്‍ പിഴയടയ്ക്കുന്നതിനും ഡാളസ് കോടതി വിധിച്ചു. കുട്ടിയെ മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കുറ്റമാണ് പാസ്റ്റര്‍ക്കെതിരേ തെളിയിക്കപ്പെട്ടതെന്നു മാര്‍ച്ച് 24-നു വെള്ളിയാഴ്ച വിധി പ്രസ്താവിക്കെ കോടതി ചൂണ്ടിക്കാട്ടി.
ബഞ്ചമിന്‍ എന്ന രണ്ടു വയസ്സുകാരന്റെ മാതാപിതാക്കളും പാസ്റ്ററും ഒരുപോലെ വിശ്വസിച്ചിരുന്നത് കുട്ടിക്ക് ഭൂതബാധയുണ്ടെന്നാണ്. ഭൂതബാധയകറ്റാന്‍ പട്ടിണിക്കിടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അവര്‍ വിശ്വസിച്ചു. പാസ്റ്റര്‍ ദൈവത്തിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നു എന്നാണ് കോടതിയില്‍ വാദിച്ചത്.
മൂന്നാഴ്ച പട്ടിണിക്കട്ടതോടെ എല്ലുംതോലുമായ കുഞ്ഞ് 2015 മാര്‍ച്ച് 22-നാണ് മരിച്ചത്. മരിച്ചതിനുശേഷം ഉയിര്‍പ്പിക്കുന്നതിനുള്ള ശ്രമവും പാസ്റ്റുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
ഡാളസ് ബാള്‍ച്ച് സ്പ്രിംഗിലുള്ള ചര്‍ച്ചിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേയും കേസ് നിലവിലുണ്ടെങ്കിലും, ഇരുവരും മെക്സിക്കോയിലാണെന്ന് പോലീസ് റിപ്പോര്‍ട്ട്.
മൂന്നാം ജന്മദിനം ആഘോഷിക്കുന്നതിനു ഒരു മാസമേ ഉണ്ടായിരുന്നുള്ളൂ കുട്ടിയുടെ മരണം സംഭവിക്കുമ്പോള്‍. പട്ടിണി കിടന്ന് ശോഷിച്ച കുട്ടിയെ പാസ്റ്റര്‍ തല്ലുന്ന വീഡിയോ കോടതിയില്‍ വാദം നടക്കുന്നതിനിടെ പ്രദര്‍ശിപ്പിച്ചിരുന്നു. പാസ്റ്ററുടെ പ്രവര്‍ത്തി മതപരമായ ഒന്നാണെന്ന വാദവും കോടതി തള്ളിക്കളഞ്ഞിരുന്നു.