മെക്സിക്കോ സന്ദര്‍ശനത്തിനെത്തിയ നാലംഗ അയോവ കുടുംബം മരിച്ചനിലയില്‍

പി.പി. ചെറിയാന്‍

അയോവ: ഐഓവായില്‍ നിന്നും മെക്സിക്കോ സന്ദര്‍ശിക്കുന്നതിന് പോയ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ തങ്ങള്‍ താമസിച്ചിരുന്ന കൊണ്ടൊമിനിയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് ക്രസ്റ്റണ്‍ പോലീസ് ചീഫ് പോള്‍ വെര്‍ മീര്‍ പറഞ്ഞു.

മാര്‍ച്ച് 15നാണ് കെവിന്‍ വയന്‍(41) ഭാര്യ മേരി ഷാര്‍പ്(38), മക്കള്‍: സ്റ്റെര്‍ലിംഗ്(12), ആഡ്രിയാന (7) എന്നിവര്‍ മെക്സിക്കോയില്‍ ഒഴിവുകാലം ചിലവിടുന്നതിന് ഐഓവായില്‍ നിന്നും പുറപ്പെട്ടത്.

ബുധനാഴ്ചയാണ് ഇവരില്‍ അവസാന ടെക്സ്റ്റിംഗ് സന്ദേശം ലഭിച്ചതെന്നും, വ്യാഴാഴ്ച സെന്റ് ലൂയിസില്‍ എത്തേണ്ടതായിരുന്നുവെന്നും ഇവരുടെ കുടുംബാംഗം അറിയിച്ചു.ബുധനാഴ്ച കുടുംബാംഗങ്ങളെ കാണാതായതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് ഇവരുടെ താമസസ്ഥലത്ത് നാലുപേരും മരിച്ചനിലയില്‍ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ലെന്നും, ഒട്ടോപ്സിക്കു ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്നും പോലീസ് ചീഫ് പറഞ്ഞു.യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മെക്സിക്കോയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന പൊതു മുന്നറിയിപ്പ് മാര്‍ച്ച് 16 ന് നല്‍കിയിരുന്നു. മയക്കു മരുന്ന് സംഘംഗങ്ങള്‍ തമ്മിലുള്ള കലഹവും, കൊലപാതകങ്ങളും മെക്സിക്കോയില്‍ സ്ഥിരം സംഭവങ്ങളാണ്.