മോഹലാലിന്റെ കഥ മോഷണം എന്ന് ആരോപണം ; നഷ്ടപരിഹാരം നല്‍കില്ല എന്ന് സംവിധായകന്‍

മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിനെതിരേ സംവിധായകനും തിരക്കഥകൃത്തുമായ കലവൂര്‍ രവികുമാര്‍ രംഗത്ത്. താന്‍ രചിച്ച ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സിനിമ ചിത്രീകരിച്ച് തുടങ്ങുന്നതിനു മുന്‍പ് തന്നെ താന്‍ ഇക്കാര്യം സംബന്ധിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നുവെന്നും രവികുമാര്‍ ആരോപിക്കുന്നു. ‘മോഹന്‍ലാല്‍’ തന്റെ കഥയുടെ പകര്‍പ്പാണെന്ന് കണ്ടെത്തിയ ഫെഫ്ക തനിക്ക് പ്രതിഫലവും കഥയുടെ അവകാശവും നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ അതെല്ലാം അവഗണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോവുകയാണുണ്ടായതെന്നും രവികുമാര്‍ പറയുന്നു.

എന്നാല്‍ കലവൂര്‍ രവികുമാറിന്റെ വാദം തെറ്റാണെന്ന് ചിത്രത്തിന്റെ കഥാകൃത്തും, സംവിധായകനുമായ സാജിദ് യാഹിയ പറയുന്നു. ഫെഫ്കയില്‍ വച്ച് തിരക്കഥ അടക്കം വായിച്ചതാണ്. ”മോഹന്‍ലാല്‍” സിനിമയും, കലവൂര്‍ രവികുമാറിന്റെ കഥയുമായി ബന്ധമില്ലായെന്നത് അന്ന് തെളിഞ്ഞതുമാണ്. എന്നിട്ടും റിലീസ് വേളയില്‍ വിണ്ടും വാദവുമായി എത്തുന്നതിന് പിന്നിലെ രവികുമാറിന്റെ അജണ്ട മറ്റെന്തോ ആണെന്നും സംവിധായകന്‍ പറയുന്നു. തന്റെ തിരക്കഥ മോഷണമാണെന്നു പറയുന്ന കലവൂര്‍ രവികുമാറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും സാജിദ് പറഞ്ഞു. മോഹന്‍ലാല്‍ സിനിമയുടെ ടീസറടക്കം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ചിത്രം വിഷുവിനു തിയേറ്ററില്‍ എത്താന്‍ ഇരിക്കുമ്പോഴാണ് പഴയ വിവാദം വിണ്ടും തലപൊക്കുന്നത്. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി വേണമെന്ന ആവശ്യമുന്നയിച്ച് കലവൂര്‍ രവി കുമാര്‍ തൃശൂര്‍ ജില്ല കോടതിയില്‍ ഹര്‍ജി നല്‍കി എന്നും റിപ്പോര്‍ട്ടുകളുണ്ട്.