സ്പോണ്‍സറുടെ ചതി മൂലം നിയമകുരുക്കിലായ വീട്ടുജോലിക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സൗദിയില്‍ സ്‌പോണ്‍സര്‍ നിയമവിരുദ്ധമായി കൊണ്ടുവന്നതിനാല്‍, തിരികെ നാട്ടിലേയ്ക്ക് മടങ്ങാന്‍ ആകാതെ നിയമകുരുക്കിലായ ഇന്ത്യന്‍ വനിത, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയായ മദീന ബീയാണ് സ്പോണ്‍സറുടെ ചതി മൂലം നിയമകുരുക്കിലായത്. രണ്ടു വര്‍ഷം മുന്‍പാണ് മദീന ബീയെ വീട്ടുജോലിയ്ക്കായി സൗദിയില്‍ എത്തിച്ചത്. കുവൈറ്റില്‍ വര്‍ക്ക് വിസയില്‍ കൊണ്ടുവന്ന ശേഷം, സൗദിയിലെ വിസിറ്റിങ് വിസ തയ്യാറാക്കി അവരെ കുവൈറ്റില്‍ നിന്നും റോഡ്മാര്‍ഗ്ഗം ദമ്മാമിലെ വീട്ടുജോലിയ്ക്ക് എത്തിയ്ക്കുകയായിരുന്നു സ്‌പോണ്‍സര്‍ ചെയ്തത്. വിസിറ്റിങ് വിസയില്‍ ജോലി ചെയ്യാന്‍ പാടില്ല എന്ന് മാത്രമല്ല വിസ കാലാവധിയില്‍ കൂടുതല്‍ ദിവസം സൗദിയില്‍ തങ്ങുന്നത് നിയമവിരുദ്ധവുമാണ്. നിയമവിരുദ്ധമായ രീതിയിലാണ് താന്‍ സൗദിയില്‍ ജോലി ചെയ്യുന്നത് എന്ന് വലിയ വിദ്യാഭ്യാസമില്ലാത്ത മദീന ബിയ്ക്ക് അറിയില്ലായിരുന്നു. അമിതജോലിഭാരത്തിന്റെ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും, രണ്ടു വര്‍ഷം അവര്‍ ആ വീട്ടില്‍ ജോലി ചെയ്തു.
രണ്ടു വര്‍ഷത്തിന് ശേഷം തനിയ്ക്ക് നാട്ടിലേയ്ക്ക് പോകണമെന്ന് മദീന ബീ സ്‌പോണ്‍സറോട് അഭ്യര്‍ത്ഥിച്ചു. മദീന ബീയെ തിരികെ അയയ്ക്കാന്‍ സ്‌പോണ്‍സര്‍ ശ്രമിച്ചപ്പോഴാണ്, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയതിന് 15000 റിയല്‍ ഫൈന്‍ അടച്ചാലേ തിരികെ ഫൈനല്‍ എക്‌സിറ്റ് അടിച്ച് കയറ്റി വിടാന്‍ കഴിയൂ എന്ന് അയാള്‍ക്ക് മനസ്സിലായത്. അത് ഒഴിവാക്കാനായി, നാട്ടിലേയ്ക്ക് അയയ്ക്കാന്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞ്, മദീന ബിയെ തന്ത്രത്തില്‍ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചിട്ട്, സ്‌പോണ്‍സര്‍ കടന്നു കളഞ്ഞു. നിയമകുരുക്കിലായ മദീന ബീ നാട്ടിലേയ്ക്ക് പോകാനാകാതെ അഭയകേന്ദ്രത്തില്‍ തങ്ങി.
വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് മദീന ബീ സ്വന്തം അവസ്ഥ പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ മദീന ബീയുടെ സ്പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ നമ്പര്‍ മാറ്റി മുങ്ങിയിരുന്നു. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ, ഈ കേസില്‍ മദീന ബീ നിയമവിരുദ്ധമായി തങ്ങിയതിനുള്ള ഫൈനില്‍ ഇളവ് അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട്, സൗദി സര്‍ക്കാരിന് ദയാഹര്‍ജി നല്‍കി. അതിന്‍പ്രകാരം, ഏറെ നിയമനടപടികള്‍ക്ക് ശേഷം, മദീന ബീ അടയ്ക്കാനുള്ള ഫൈന്‍ ഒഴിവാക്കി ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സൗദി അധികൃതര്‍ ഉത്തരവ് ഇറക്കി.
തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി മദീന ബീയ്ക്ക് ഔട്ട്പാസ്സെടുത്തു കൊടുത്തു. നവയുഗം പ്രവര്‍ത്തകര്‍ പണം പിരിച്ച് മദീന ബീയ്ക്ക് വിമാനടിക്കറ്റും, വസ്ത്രങ്ങളും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും വാങ്ങി നല്‍കി.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മദീന ബീ നാട്ടിലേയ്ക്ക് മടങ്ങി.