നിറമില്ല എന്ന പേരില്‍ റഷ്യന്‍ വിമാനത്താവളത്തില്‍ നിന്നും ഏഷ്യന്‍ വംശജരെ ഇന്ത്യയിലേയ്ക്ക് നാടുകടത്തി
വര്‍ണ്ണ വിവേചനത്തിന്റെ ഇരയായി ഏഷ്യന്‍ വംശജരായ അമേരിക്കക്കാര്‍. റഷ്യയിലെ മോസ്കോ വിമാനത്താവളത്തില്‍ ആണ് സംഭവം. മോസ്‌കോ വിമാനത്താവളത്തില്‍ ന്യൂയോര്‍ക്കിലേക്ക് പോകാനെത്തിയ അഞ്ച് ഏഷ്യന്‍ അമേരിക്കന്‍ യാത്രക്കാരെ ത്വക്കിന്റെ നിറത്തിന്റെ പേരില്‍ എയറോഫ്‌ളോട്ട് തടഞ്ഞു വെച്ച ശേഷം ന്യൂഡല്‍ഹിയിലേക്ക് നിര്‍ബന്ധിച്ച് അയച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാര്‍ക്ക് ഫെര്‍ണാണ്ടസ്, ഷഹാന ഇസ്ലാം, സബിഹ ഇസ്ലാം, ബൈകുള്‍ ഇസ്ലാം, അന്‍ഷുല്‍ അഗര്‍വാള്‍ എന്നീ അമേരിക്കന്‍ പൗരന്മാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ വിമാനം മാറിക്കയറുന്നതിന് മോസ്‌കോയില്‍ ഇറങ്ങിയ ഇവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണ് ലഭിച്ചത്.
ആ സമയത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജെ എഫ് കെ വിമാനത്താവളത്തിലേക്കുള്ള തുടർ വിമാനം റദ്ദാക്കി. എന്നാല്‍ ഇതിനു പകരം പുറപ്പെട്ട വിമാനത്തില്‍ സീറ്റുകള്‍ ഒഴിവില്ലെന്ന് എയറോഫ്‌ളോട്ട് ജീവനക്കാര്‍ തങ്ങളോട് പറഞ്ഞുവെന്നാണ് ഇവരുടെ ആരോപണം. മോസ്‌കോയില്‍ താമസ സൗകര്യം ഒരുക്കിത്തരാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതായും ട്രാന്‍സിറ്റ് വിസ അനുവദിച്ചില്ലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ക്കൊപ്പമുള്ള വെളുത്ത അമേരിക്കക്കാര്‍ക്ക് റദ്ദാക്കിയതിനു പകരമുള്ള വിമാനത്തില്‍ പോകാന്‍ അവസരം നല്‍കിയതായും അഞ്ചംഗസംഘം ആരോപിച്ചു. അടുത്ത വിമാനത്തില്‍ ഇന്ത്യയിലേക്ക് പോകണമെന്നും അല്ലെങ്കില്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് എയറോഫ്‌ളോട്ട് ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയതായും യാത്രക്കാര്‍ പറയുന്നു.