ഭൂമി വിവാദം ; കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ തുടരും

വിവാദമായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ തുടരും. ഭൂമി ഇടപാട് കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. എന്നാല്‍ കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്ക് എതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. കേസില്‍ ഹൈക്കോടതി ആദ്യം തീരുമാനം എടുക്കട്ടേ എന്നും സുപ്രിം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ കേസ് ഏപ്രില്‍ മൂന്നിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയത്.

കേസില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഭൂമി ഇടപാടിനെ സംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ലെന്ന് മാര്‍ട്ടിന്‍ പയ്യമ്പള്ളിക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. അഞ്ചു തവണ മാറ്റിവെച്ച ശേഷമാണ് ഹര്‍ജി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് പോലും എത്തിയതെന്ന് മറ്റൊരു ഹര്‍ജിക്കാരന്‍ ഷൈന്‍ വര്‍ഗീസിന് വേണ്ടി വി ഗിരി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ആരോപണങ്ങള്‍ ഗൗരവം എറിയത് എന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവെച്ചത്.